വിഷൻ 2031 : ധനകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

post

പുതിയ വികസന മാതൃകകൾ അനിവാര്യം; വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റും:മന്ത്രി കെ. എൻ. ബാലഗോപാൽ

  വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ സംസാരിച്ചു.

 പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന ഗവൺമെന്റും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം. എഴുന്നൂറ് കിലോമീറ്റർ അകലെയുള്ള കാസർഗോഡ് ഇത്തരത്തിൽ രൂപപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ അകലെയല്ലെന്നും വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവൻ വ്യാപിക്കാൻ കരുത്തുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ഇറക്കുന്ന കണ്ടെയ്നറുകൾ, അതിലുള്ള ഉത്പന്നങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളടക്കം നിർമിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തിൽ ഉണ്ടാകും. ഇലക്ട്രോണിക്സ്, ഐ.ടി തുടങ്ങിയ മേഖലകളിൽ ആവശ്യമായ കമ്പനികൾക്ക് നിക്ഷേപം നടത്തുന്നതിനും സാഹചര്യമുണ്ട്. പാരിസ്ഥിതിക സൗഹാർദ്ദമാർന്ന ഭക്ഷ്യസംസ്കരണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ വളർച്ചയ്ക്കും സഹായകരമാകും. മുൻപ് വിദേശങ്ങളിലടക്കം തൊഴിലിനായി കുടിയേറിയ പലരും നാട്ടിലേക്ക് തിരിച്ചുവരുന്ന സാഹചര്യമുണ്ട്. പ്രായമുള്ള മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് താമസിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ വീടിനടുത്ത് തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയിലും ചാലക്കുടിയിലും കൊട്ടാരക്കരയിലുമടക്കം ഇത്തരത്തിൽ ഐ.ടി സ്ഥാപനങ്ങൾ ആരംഭിച്ചത് ശ്രദ്ധേയമാണ്. സ്വന്തം വീട് തന്നെ ഓഫീസുകളാക്കി മാറ്റിയ സംരംഭക മാതൃകളും ഉണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ പ്രാദേശിക തലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരാൻ കഴിയുന്ന സാഹചര്യം കൂടുതൽ സൃഷ്ടിക്കണം. സ്ഥലപരിമിതി എന്ന കാരണം പറഞ്ഞ് ഉത്പാദന വ്യവസായ മേഖലകളെ പ്രതികൂലമാക്കേണ്ടതില്ല. ഉദാഹരണത്തിന് കേരളത്തിന്റെ പ്ലാന്റേഷൻ മേഖലയെ ക്രിയാത്മകമയി ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയ പഴകൃഷികൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതാണ്. ശരിയായ രീതിയിൽ ഭൂവിനിയോഗം നടത്തിയും  സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും കാർഷിക മേഖലയിൽ നമുക്ക് കൂടുതൽ ഉത്പാദനവും അവസരങ്ങളും സൃഷ്ടിക്കാൻ കഴിയും.


പരമ്പരാഗത വ്യവസായങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഗ്രാമപ്രദേശങ്ങളിൽ കെ-ഡിസ്ക് അടക്കമുള്ള സ്ഥാപനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് കൃത്യമായ നൈപുണ്യ പരിശീലനം യുവജനങ്ങൾക്കടക്കം നൽകി പുതുതായി സൃഷ്ടിക്കപ്പെടുന്ന മേഖലകളിലേക്ക് അവരെ എത്തിക്കണം. ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിലടക്കം കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്. എൻജിനിയറിങ് കോളേജുകളിലെ ഒഴിവ് വരുന്ന സീറ്റുകളിലടക്കം മറ്റു സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് അവസരം നൽകുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

പ്രായമാകുന്നവരുടെ എണ്ണം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ അതിനനുസൃതമായ പദ്ധതികളും പശ്ചാത്തല സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. യുവസംരംഭകർക്ക് അവസരം നൽകുന്നതുപോലെ ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ അൻപത് വയസിൽ മുകളിൽ പ്രായമുള്ളവരുടെ ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാനും അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഉപയോഗിക്കുവാനും സർക്കാർ തുടക്കം കുറിച്ചു.

 ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി വിഹിതം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലും കേരളം തനതു വരുമാനം നിലനിർത്തിയും കൃത്യമായ ആസൂത്രണത്തിലൂടെയും മെച്ചപ്പെട്ട വളർച്ച നേടി. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളടക്കമുള്ള സേവന മേഖലകളിൽ യാതൊരു കുറവും വരുത്താൻ ഗവൺമെന്റ് തയ്യാറായില്ല. പത്താം ധനകാര്യ കമ്മീഷന്റെ കണക്കുമായി താരതമ്യപ്പെടുത്തിയാൽ 54,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന സാഹചര്യത്തിൽ 15-ാം ധനകാര്യ കമ്മീഷൻ വിഹിതമായി 27,000 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. പി.എഫ്, ട്രഷറി, കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയവയിലെ തുകയും കടത്തിൽ ഉൾപ്പെടുത്തിയതോടെ കടമെടുപ്പ് പരിധിയും കുറഞ്ഞു. എന്നാൽ മികച്ച ആസൂത്രണത്തോടെ കേരളം വളർച്ചാനിരക്ക് കൂട്ടുകയും പൊതുചെലവ് കൂട്ടുകയും ചെയ്തു. കെ.എസ്.എഫ്.ഇ, ലോട്ടറി, നാഷണൽ സേവിംഗ്സ്, സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നീ പൊതുസ്ഥാപനങ്ങൾ ഈ കാലയളവിൽ മികച്ച പ്രകടനമാണ് നടത്തിയത്.

വിജ്ഞാനത്തെ ഒരു മൂലധനമെന്ന രീതിയിൽ കരുതിയുള്ള വികസന മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതയാത്രയെ മൊത്തത്തിൽ ശാക്തീകരിക്കാനുതകുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. യു.എസ്, യു.കെ വിസകളിലടക്കമുള്ള പുതിയ വെല്ലുവിളികളും പ്രാദേശിക വാദങ്ങളും അടക്കമുള്ള കുടിയേറ്റ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് വ്യവസായ, കാർഷിക, വാണിജ്യ മേഖലകളിൽ വളർച്ചയും അവസരങ്ങളും സൃഷ്ടിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. ലോഹങ്ങളുടെയും ഉപലോഹങ്ങളുടെയും സാധ്യതകൾ, ചെലവു കുറഞ്ഞ ആരോഗ്യം സുഖചികിത്സാ സൗകര്യങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ എന്നിവയടക്കം സമൃദ്ധമായ ഭാവികേരളത്തിനുള്ള  ചർച്ചകൾ വിഷൻ 2031 ലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.