നവകേരള നിർമ്മിതിക്ക് പുതിയ ജനാധിപത്യ മാതൃക; ജനങ്ങളിൽ നിന്ന് നേരിട്ട് വിവരശേഖരണം നടത്തും: മുഖ്യമന്ത്രി

post

സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം സംഘടിപ്പിക്കും

കേരളത്തെ വികസിത രാജ്യങ്ങളിലെ ജനങ്ങൾക്ക് തുല്യമായ ജീവിത നിലവാരമുള്ള നാടാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ 'നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' എന്ന പേരിൽ ബൃഹത്തും സമഗ്രവുമായ ഒരു പഠന പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നമ്മുടെ സംസ്ഥാനത്ത്   ജനാധിപത്യത്തിന്റെ ഒരു  പുതിയ മാതൃക ലോകത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം എന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധികളും സ്വപ്നങ്ങളും ആഴത്തിൽ മനസ്സിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും സർഗാത്മകവും സക്രിയവുമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട പ്രവർത്തനമാണ്. ഓരോ ഘട്ടത്തിലും ജനങ്ങളുമായി സംവദിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇനിയുള്ള നാളുകളിലും കൂടുതൽ ക്രിയാത്മകമായി അതുറപ്പു വരുത്താൻ സഹായകമായ ബൃഹത്തും സമഗ്രവുമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുകയാണ്.

നവകേരളം  സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ നടപ്പാക്കുന്ന ഈ  നവകേരള വികസനക്ഷേമ പഠന പരിപാടി കേരളത്തിന്റെ പുരോഗതിയ്ക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്ന് സുനിശ്ചിതമാണ്. സംസ്ഥാനത്താകെ സന്നദ്ധ സേനാഗംങ്ങൾ ജനങ്ങൾക്ക് അരികിലെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തിൽ കേൾക്കുകയും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്റെ തുടർച്ചയായി  സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെ ആകണം എന്ന രൂപരേഖ ഉണ്ടാക്കും. ഇതിലൂടെ നവകേരളത്തിലേക്കുള്ള പാതയിൽ കൂടുതൽ വെളിച്ചവും പ്രതീക്ഷയും പകരാൻ സാധിക്കുമെന്ന് സർക്കാർ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പൊതുനയങ്ങളിൽ നിന്നും ഭിന്നമായി സ്വീകരിച്ച ജനപക്ഷ ഭരണനയങ്ങളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ജീവിതനിലവാരമുള്ള നാടാക്കി കേരളത്തെ വളർത്തിയത്. ഈ വികസനരീതി 'കേരള മോഡൽ' എന്ന പേരിൽ ലോകശ്രദ്ധ നേടി. ജീവിത നിലവാരസൂചികയിൽ ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഭൂപരിഷ്‌കരണവും പൊതുവിദ്യാഭ്യാസ നയവും ജനകീയാസൂത്രണവും സാക്ഷരതാ യജ്ഞവും തുടങ്ങി ലോകചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയ നിരവധി ജനാധിപത്യ  ജനക്ഷേമ ഇടപെടലുകളുടെ ഫലമായാണ് ഇന്നത്തെ കേരള സമൂഹം വാർത്തെടുക്കപ്പെട്ടത്. ആ അടിത്തറയിൽ ഊന്നി നിന്നാണ് ജനക്ഷേമ പദ്ധതികളെ കൂടുതൽ ഊർജ്ജസ്വലമാക്കിയും കേരളമിതു വരെ കാണാത്ത വികസന നേട്ടങ്ങൾ വ്യാവസായിക  അടിസ്ഥാനസൗകര്യ മേഖലകളിൽ സ്വന്തമാക്കിയും കഴിഞ്ഞ ഒരു ദശാബ്ദമായി നാം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിച്ചത്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം കൊളംബിയയിൽ നടത്തിയ പ്രസംഗത്തിൽ അധികാര വികേന്ദ്രീകരണം രാഷ്ട്രീയപരമായി ഏറ്റവും ഫലപ്രദമായ സംസ്ഥാനമാണ് കേരളമെന്നും അവിടെയുള്ളത് ഏറ്റവും  വികേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണെന്നും പറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ 40 - 50 വർഷംകൊണ്ട് ഏറ്റവും മികച്ച ആരോഗ്യ സംവിധാനവും വിദ്യാഭ്യാസ സംവിധാനവും ഒരുക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഈ നേട്ടങ്ങൾക്കൊപ്പം  ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന, ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളും ഒപ്പം കൊണ്ടുപോകാനും നമുക്കു സാധിച്ചു. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും  പൂർത്തീകരിക്കുക മാത്രമല്ല, ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ടുകളിലൂടെ അവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായം രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചു.

നവകേരള കർമ്മപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിനുമായി മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തു കൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കുകയും ഭരണ നിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി മേഖല അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ വികസന സദസ്സുകൾ  ആരംഭിച്ചു. അതിപ്പോഴും  തുടരുകയാണ്.

        സംസ്ഥാനം രൂപീകൃതമായിട്ട് 2031ൽ 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകാല വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കു വേണ്ടിയുള്ള വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം സെമിനാറുകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 'വിഷൻ 2031' എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അവരുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് 'സിഎം വിത്ത് മീ' എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നവകേരള നിർമ്മിതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് എല്ലാ മേഖലകളിലും നടന്നുവരികയാണ്. വികസനക്ഷേമ പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരത്തിൽ വളർച്ചയും, മുന്നേറ്റവും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനകം നടപ്പിലാക്കിയ പദ്ധതികളുടെ അനുഭവങ്ങളെ വിലയിരുത്തേണ്ടത് നവകേരള നിർമ്മിതിയുടെ ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ്. നവകേരള നിർമ്മാണത്തിൻറെ ഇതുവരെയുള്ള അനുഭവങ്ങൾ നമ്മുടെ ആവശ്യകതയുമായി തുലനം ചെയ്ത് വിലയിരുത്തപ്പെടേണ്ടതുണ്ട്.

കേരളം ഇതിനോടകം കൈവരിച്ച നേട്ടങ്ങളിൽ നിന്നും ഒരു പടികൂടി കടന്ന് വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരമുള്ള നാടായി കേരളത്തെ ഉയർത്തുവാനാണ് ലക്ഷ്യമിടുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ, ഓരോ കുടുംബത്തിനും വീട്, ജീവിത വരുമാനത്തിനായി തൊഴിൽ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗത്തിനും ലഭ്യമാക്കുക, വിനോദത്തിനും കായികവളർച്ചയ്ക്കും മറ്റു ജീവിത മുന്നേറ്റത്തിനും സംവിധാനമൊരുക്കൽ എന്നിവയാണ് നവകേരളത്തിന്റെ ലക്ഷ്യം.

ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോകാൻ ഇതിനകം സംസ്ഥാനത്ത് നടപ്പിലാക്കിയ ഭരണനടപടികളിലൂടെ സാധിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യം 2025 നവംബർ ഒന്നോടു കൂടി രാജ്യത്ത് ആദ്യമായി കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്.

5 ലക്ഷത്തിലേറെ വീടുകൾ, അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വമ്പിച്ച മുന്നേറ്റങ്ങൾ, സാമൂഹ്യക്ഷേമപദ്ധതികളിൽ കാര്യക്ഷമമായ ഇടപെടൽ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അതിനൂതന സംവിധാനങ്ങൾ, വിജ്ഞാന സമ്പദ്ഘടന എന്ന കാഴ്ചപ്പാട്, കാർഷികവ്യവസായ മേഖലയിലെ മുന്നേറ്റം തുടങ്ങി കേരളത്തിൻറെ മുഖച്ഛായ മാറ്റത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത്. 

വികസന ക്ഷേമപദ്ധതികൾ നാടിനുണ്ടാക്കിയ വളർച്ചയും ജനങ്ങൾക്ക് അനുഭവവേദ്യമായ നേട്ടങ്ങളും വിലയിരുത്തുന്നതോടൊപ്പം പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ, വികസനക്ഷേമ പദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, നവകേരള പദ്ധതിയിലെ ജനപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ വിപുലമായ പഠനം നടത്തി നവകേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കുവാൻ കഴിയണം.

നവകേരള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുവാനും, ജനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കുവാനും കഴിയും വിധമുള്ള പഠന പരിപാടിക്കാണിപ്പോൾ രൂപം നൽകിയിരിക്കുന്നത്.         നവകേരളം  വികസന ക്ഷേമ പഠന പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി അവരുടെ അഭിപ്രായങ്ങൾ കേട്ടും വികസന ചർച്ചകളിൽ പങ്കെടുപ്പിച്ചും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുപോലൊരു ജനാധിപത്യ ഇടപെടൽ ലോകചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും എന്നതിൽ സംശയമില്ല.

നവകേരള നിർമ്മിതിയുടെ ഭാഗമായി, എല്ലാ കുടുംബങ്ങളിൽ നിന്നും വികസനക്ഷേമ പദ്ധതികളുടെ അനുഭവങ്ങളും അഭിപ്രായങ്ങളം തേടുവാനും, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഓരോ പ്രദേശത്തും പദ്ധതികളുടെ ഗുണഫലം എത്തിക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനങ്ങളിൽ നിന്നും ശേഖരിക്കുകയും സമയബന്ധിതമായി മുഴുവൻ കുടുംബങ്ങളിലും പദ്ധതികളുടെ ഗുണഫലം എത്തിക്കുന്നതിനുമുള്ള കർമ്മപദ്ധതിയ്ക്ക് രൂപം കൊടുക്കുകയും ചെയ്യും.

2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് നാലംഗ  സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാനതല നിർവഹണ സമിതിയും നിലവിൽ വരും. തദ്ദേശസ്ഥാപനതലത്തിലും  അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് സമിതികൾ രൂപീകരിക്കും.

സംസ്ഥാന സമിതിക്ക് സമർപ്പിക്കുന്ന ക്രോഡീകരിച്ച റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ ശിപാർശ സർക്കാരിൽ സമർപ്പിക്കുന്നതിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ പ്രത്യേക സംവിധാനം  ഒരുക്കും. ചീഫ് സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഐ.എ.എസ് (റിട്ട.), മുൻ ചീഫ് സെക്രട്ടറി, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ (ഐ. എ എസ് റിട്ട.), ഐ.ഐ.എം കോഴിക്കോട് പ്രൊഫസർ ഡോ. സജി ഗോപിനാഥ്, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതിയിലുള്ളത്. സംസ്ഥാനതല നിർവ്വഹണസമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സന്നദ്ധസേനാംഗങ്ങൾ ഓരോ വാർഡിലെയും വീടുകൾ, ഫ്‌ളാറ്റുകൾ, ഉന്നതികൾ, മറ്റ് വാസസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രം, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽ ശാലകൾ, കുടുംബ ശ്രീതൊഴിലുറപ്പ്, ബസ് സ്റ്റാന്റ്, ഓട്ടോ/ടാക്‌സി സ്റ്റാൻറ്, വായനശാലകൾ ക്ലബുകൾ  മറ്റു കൂട്ടായ്മകൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും നവകേരള വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവ മനസ്സിലാക്കുകയും പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.

ഓരോ തദ്ദേശ സ്ഥാപനത്തിലേയും വാർഡ് അടിസ്ഥാനത്തിലായിരിക്കും പഠന പരിപാടി നടത്തുക. ഓരോ വാർഡിലും നാലംഗ സന്നദ്ധ പ്രവർത്തകരെ ഇതിനായി നിയോഗിക്കും.  സംസ്ഥാന സാമൂഹിക സന്നദ്ധസേനയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നുമാണ് സന്നദ്ധ പ്രവർത്തകരെ കണ്ടെത്തുക. സന്നദ്ധസേനാംഗങ്ങൾ പ്രതിഫലേച്ഛ ഇല്ലാതെയാകും പഠന പ്രവർത്തനങ്ങൾ ചെയ്യുക. ഇതിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. നാടിന്റെ പുരോഗതിയ്ക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ തയ്യാറായി വന്ന സന്നദ്ധസേനാംഗങ്ങളാണ് ഈ പരിപാടിയുടെ കരുത്തായി മാറുന്നത്. അവരുടെ സാമൂഹ്യപ്രതിബദ്ധതയും ത്യാഗസന്നദ്ധതയും സമൂഹത്തിനാകെ പ്രചോദനം പകരും. അതിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് കൂടുതൽ ആളുകൾ നവകേരളം സിറ്റിസൺ റെസ്‌പോൺസ്‌ പ്രോഗ്രാമിന്റെ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്യുകയാണ്. എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി കേഡറ്റുകൾ, പ്രൊഫഷണൽ വിദ്യാർഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സന്നദ്ധരാകുന്നവർക്കും ഈ പ്രവർത്തനം ഏറ്റെടുക്കാൻ അവസരമുണ്ടാകും.

ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങൾ, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, മറ്റു സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് പഠന റിപ്പോർട്ടിന്റെ ഭാഗമാക്കും.

ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ, സാമുദായിക സൗഹാർദ്ദം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ, യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും അഭിപ്രായങ്ങൾ, വിജ്ഞാന സമ്പദ്ഘടനയുടെ വ്യാപനം, ശാസ്ത്രസാങ്കേതിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശാസ്ത്രസാങ്കേതിക വിദ്യയിലെ നേട്ടങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി കാർഷികവ്യവസായ വളർച്ചയ്ക്കുള്ള നിർദ്ദേശങ്ങൾ, ഉന്നതവിദ്യാഭ്യാസ വിപുലീകരണം സംബന്ധിച്ച കാര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതും അത് സംരക്ഷിക്കാനുമുള്ള നിർദ്ദേശങ്ങൾ, കലാ കായിക മേഖലയുടെ വളർച്ചയ്ക്കാവശ്യമായ നിർദ്ദേശങ്ങൾ, യാത്രാക്ലേശം, പൊതുശൗചാലയങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ/ടാക്‌സി സ്റ്റാന്റുകൾ, വയോജന സംരക്ഷണ സംവിധാനങ്ങൾ, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, അവയുടെ കാര്യക്ഷമത, മനുഷ്യവന്യമൃഗ സംഘർഷങ്ങൾ, കുടുംബശ്രീ പ്രവർത്തനം, തൊഴിലുറപ്പ് മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങി സാമൂഹ്യ ജീവിതത്തിലെ വ്യത്യസ്ത പ്രശ്‌നങ്ങൾ പഠിച്ച് സമഗ്രമായ റിപ്പോർട്ടുകളായിരിക്കും തയ്യാറാക്കുക.

2026 മാർച്ച് മാസം 31-ാം തീയതിയോടെ പഠന റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിനു സമർപ്പിക്കാൻ സാധിക്കും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും സമ്മാനിക്കാൻ ഈ പഠനപരിപാടിയ്ക്കു സാധിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കു ചേരാനും ഈ നാട്ടിലെ ഓരോ പൗരനും അവസരം നൽകാനും ഇതിലൂടെ കഴിയും.

കേരള സമൂഹത്തിന്റെയാകെ സക്രിയവും സർഗാത്മകവുമായ പങ്കാളിത്തം പഠന പരിപാടിയുടെ വിജയത്തിന് അനിവാര്യമാണ്. സന്നദ്ധ സേനയുടെ ഭാഗമാകാൻ കൂടുതലാളുകൾ കടന്നു വരേണ്ടതുമുണ്ട്. അതിനായി എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്. സർക്കാരും ജനങ്ങളും കൈകൾ കോർത്ത് കേരളത്തിന്റെ ഐശ്വര്യപൂർണ്ണമായ ഭാവിക്കു വേണ്ടി പ്രവർത്തിക്കണമെന്നും അതുറപ്പു വരുത്താൻ നവകേരളം  സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.