വികസന മുന്നേറ്റം അടയാളപ്പെടുത്തി കാവിലുംപാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോഴിക്കോട് കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷനായി.
വ്യത്യസ്ത മേഖലയില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ രമേശന്‍ മണലില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ ആര്‍ വിജയന്‍, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് പ്രദീപ് കുമാര്‍, ഫാദര്‍ ബെന്നി ആലവേലില്‍, ഹരിത കേരളം ബ്ലോക്ക് കോഓഡിനേറ്റര്‍ ശശി എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ജലബജറ്റ് പ്രകാശനം എന്നിവയും ഉണ്ടായി.
തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു. ഫാം ടൂറിസം പദ്ധതി, പുഴകളില്‍ തടയണ നിര്‍മാണം, എല്ലാ വീട്ടിലും ഒരു തൊഴില്‍ പദ്ധതി, വയോജന പാര്‍ക്ക്, ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ അടിസ്ഥാന സൗകര്യങ്ങള്‍, പൊതുസ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷന്‍, കായിക പരിശീലനം തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
വികസന വീഡിയോയുടെ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ വീഡിയോ സന്ദേശം,
കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ ചിത്രപ്രദര്‍ശനം, കെ സ്മാര്‍ട്ട് ക്ലിനിക്ക്, സ്ത്രീ ക്ലിനിക്ക്, ജീവിത ശൈലി രോഗങ്ങളുടെ പരിശോധന എന്നിവയും സദസ്സിന്റെ ഭാഗമായി നടന്നു.
കാവിലുംപാറയില്‍ അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയത് 300 കോടിയുടെ വികസനം
മലയോരത്തിന്റെ മണ്ണില്‍ വികസന മുന്നേറ്റം തീര്‍ത്ത് കാവിലുംപാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. ഗതാഗതയോഗ്യമായ റോഡുകള്‍ നിര്‍മിച്ചും അദിദാരിദ്ര്യമുക്ത പഞ്ചായത്തായും ഉല്‍പാദന മുന്നേറ്റത്തില്‍ കുതിച്ചുചാട്ടം നടത്തിയും ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചും മാലിന്യമുക്ത പഞ്ചായത്തെന്ന പദവി നേടിയുമാണ് കാവിലുംപാറ നേട്ടങ്ങള്‍ കൈവരിച്ചത്.
വയോജന സൗഹൃദ പഞ്ചായത്ത്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, കെ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ സേവനം, വിജ്ഞാനകേരളം വഴി തൊഴില്‍, ശുചീകരണ യജ്ഞം, വൃക്ഷവത്കരണവും പച്ചത്തുരുത്തുകളുടെ നിര്‍മാണവും, ടൂറിസം ഡെസ്റ്റിനേഷന്‍, ജലനിധി പദ്ധതിയില്‍ 24 കുടിവെള്ള പദ്ധതി തുടങ്ങി നിരവധി മാതൃകാ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.
ലൈഫ് പദ്ധതിയില്‍ 9.64 കോടി രൂപ ചെലവിട്ട് 241 വീടുകള്‍ പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷത്തിനിടെ 76 വീടുകളുടെ അറ്റകുറ്റപ്പണിയും നടത്തി. 185 വീടുകള്‍ നിര്‍മിക്കാന്‍ കരാറാവുകയും ചെയ്തിട്ടുണ്ട്. 206 കിലോമീറ്റര്‍ ദൂരത്തില്‍ 435 റോഡുകളുടെ നിര്‍മാണത്തിന് 20 കോടി രൂപ, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 33 ലക്ഷം, പുതിയ കളിസ്ഥലത്തിന് 90 ലക്ഷം, ജലജീവന്‍ മിഷന് 45 കോടി, സമഗ്ര നാളികേര വികസനത്തിന് പ്രതിവര്‍ഷം 26 ലക്ഷം രൂപ എന്നിങ്ങനെയും പഞ്ചായത്ത് ചെലവിട്ടു.
മുട്ടഗ്രാമം പദ്ധതിയില്‍ ഒരു വര്‍ഷം 5 ലക്ഷം മുട്ട ഉല്‍പാദനവും ഇടവിള കൃഷിയില്‍ ഒരു വര്‍ഷം 600 ടണ്‍ ഉല്‍പാദനവും നടക്കുന്ന ഗ്രാമപഞ്ചായത്തില്‍ നാളികേര ഉല്‍പാദനത്തില്‍ പ്രതിവര്‍ഷം 1000 ടണ്‍ വര്‍ധനവും ഒരു ലക്ഷം ലിറ്റര്‍ പാല്‍ അധികം ഉല്‍പാദിപ്പിക്കുന്ന പശുഗ്രാമം പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്.
സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കുടുംബശ്രീ സിഡിഎസായി തെരഞ്ഞെടുക്കപ്പെട്ടതും കാവിലുംപാറ പഞ്ചായത്തിലേതാണ്. 207 സംരംഭങ്ങള്‍ ഇവരുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 27 അങ്കണവാടി, രണ്ട് മോഡല്‍ അങ്കണവാടി, രണ്ട് അങ്കണവാടി ക്രഷ്, ബഡ്‌സ് സ്‌കൂള്‍ എന്നിവയും പഞ്ചായത്തിലുണ്ട്. ടൂറിസം മേഖലയില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയും ടൂറിസം ഡെസ്റ്റിനേഷന് ഒന്നര ഏക്കര്‍ സ്ഥലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.