പരിമിതികള്‍ മറന്നു; ആടിയും പാടിയും ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉല്ലാസയാത്ര

post

വീടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് മനം നിറക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി സംരക്ഷണ പദ്ധതിയിലൂടെ ഊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കിയാണ് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നത്.

ഭിന്നശേഷിക്കാരായ 50ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന നൂറോളം പേരാണ് രണ്ട് ബസുകളിലായി കൊടിയത്തൂരില്‍നിന്ന് ഉല്ലാസയാത്ര പുറപ്പെട്ടത്. കൂട്ടുകൂടാനും ഉല്ലസിക്കാനുമെല്ലാം അവസരമൊരുങ്ങിയതോടെ പരിധിയും പരിമിതിയുമെല്ലാം ആവേശത്തിലേക്ക് വഴിമാറി. ജനപ്രതിനിധികളും രക്ഷിതാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ യാത്ര അവിസ്മരണീയ അനുഭൂതിയായി. ഊട്ടിയിലെ കര്‍ണാടക ഗാര്‍ഡനും ടീ ഫാക്ടറിയും യാത്രക്കിടയിലെ വഴിയോര കാഴ്ചകളുമെല്ലാം കൗതുകത്തോടെ കണ്ടുതീര്‍ത്ത അവര്‍ ഒരിക്കലും മറക്കാനാവാത്ത, സന്തോഷം മാത്രം നിറഞ്ഞ ഒരു ദിവസത്തിന്റെ ഓര്‍മകളുമായാണ് തിരികെപോന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, മുന്‍ പ്രസിഡന്റ് വി ഷംലൂലത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്രയും സന്തോഷം നല്‍കിയ പദ്ധതി വേറെയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.