മാനസികാരോഗ്യത്തിന് ടെലി സാന്ത്വനം..

post

വയനാട് : കോവിഡ് 19  രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെയും കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെയും (കെ.ജി.എം.ഒ.എ) ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കായി ടെലി മെഡിസിന്‍ സംവിധാനം ഒരുക്കി. ടെലി സാന്ത്വനം എന്ന പേരിലാണ് കല്‍പ്പറ്റ ജനറലാശുപത്രി കേന്ദ്രീകരിച്ച്  ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.  എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് സേവനം ലഭ്യമാകുക. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക സൈക്യാട്രി ഡിപ്പാര്‍ട്ടുമെന്റ് വിഭാഗം മേധാവി ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിന് മൊബൈല്‍ കോള്‍ ചെയ്തു ടെലി മെഡിസിന്‍ സംവിധാനം  ഉദ്ഘാടനം ചെയ്തു.      രോഗവ്യാപനത്തിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന ഒന്നാണ് മാനസികാരോഗ്യ പരിപാലനമെന്ന് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സീസ് പറഞ്ഞു.

       ജില്ലാശുപത്രി കോവിഡ് സെന്ററായി മാറ്റപ്പെട്ടതോടെ നിലവില്‍ സൈക്യാട്രി വിഭാഗത്തിന്റെ സേവനം ജനറലാശുപത്രിയില്‍ നിന്നാണ് നല്‍കുന്നത്. സേവനങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ടെലി സാന്ത്വനം പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. സേവനം ആവശ്യമുളളവര്‍ നേരിട്ടോ ബന്ധുക്കള്‍ വഴിയോ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേനയോ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടണം. മെഡിക്കല്‍ ഓഫീസര്‍ രോഗവിവരങ്ങള്‍ ശേഖരിക്കുകയും പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം  സൈക്യാട്രി വിഭാഗത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടും. മെഡിക്കല്‍ ഓഫീസറില്‍ നിന്നു ലഭിക്കുന്ന രോഗവിവരങ്ങള്‍ വിശകലനം ചെയ്താണ് സൈക്യാട്രി വിഭാഗം തീരുമാനമെടുക്കുക.

      ലഘു മനോരോഗങ്ങള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ മുഖേന മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ഈ മരുന്നുകള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നോ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നോ ലഭ്യമാകും. ദീര്‍ഘകാലമായി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും മരുന്നുകള്‍ മുടങ്ങിപ്പോയവര്‍ക്കും തുടര്‍ ചികിത്സയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കും. ഗുരുതര സ്വഭാവമുള്ള മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തികളെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റും. കിടത്തി ചികിത്സ ആവശ്യമുള്ള വര്‍ക്ക് അതിനുള്ള സംവിധാനവുമൊരുക്കും.കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് വിമുക്തി ലഹരി വിമോചന കേന്ദ്രത്തിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറലാശുപത്രി സൈക്യാട്രി വിഭാഗവുമായി ബന്ധപ്പെടണം.