വനം- വന്യജീവി സംഘര്ഷനിയന്ത്രണത്തിന് കൂടുതല്‍ നടപടി; കൊല്ലം ജില്ലാ വികസന സമിതി യോഗം ചേർന്നു

വനം-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം. കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിന് വൈദഗ്ധ്യമുള്ളവരെ നിയോഗിക്കണം എന്ന ആവശ്യവും ഉയര്‍ന്നു. വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജില്ലാതല നിയന്ത്രണസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വനവുമായിചേര്ന്നുള്ള പഞ്ചായത്തുകളിലെ പരാതിപരിഹാരമാണ് ഉറപ്പാക്കേണ്ടത്. നിലവില്‍ 48 പരാതികള്‍ പരിഹരിച്ചതായി വനം വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു.
കണ്ണങ്കാട്ടുക്കടവ് പാലം, കൊന്നേക്കടവില്‍ പാലം, പെരുമണ്‍ പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളും മൈനാഗപ്പള്ളി മേല്‍പ്പാലത്തിന് സ്ഥലമേറ്റെടുപ്പ് നടപടിയും വേഗത്തിലാക്കണമെന്നും കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ പറഞ്ഞു. ചവറയിലെ കാക്കത്തോപ്പ് ഉന്നതിയുടെ നിര്‍മാണം ഊര്‍ജിതമാക്കണം. ഇരുച്ചക്ര വാഹന യാത്രികരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
പത്തനാപുരം ബൈപാസ് റോഡിനായി ഭൂമിയേറ്റെടുക്കുന്നതിന് സര്‍വേ നടപടി വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. സ്വകാര്യബസുകള്‍ സര്‍വീസ് പാതിവഴിയില്‍ അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ശ്രദ്ധയില്‍പ്പെടുത്തി. പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകളില്‍ ആംബുലന്‍സ് ലഭ്യമാക്കണമെന്ന്പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ആര് ജയഗീത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.