അജൈവ മാലിന്യസംസ്കരണത്തിൽ മാതൃകയായി നിലംപേരൂർ

അജൈവ മാലിന്യ സംസ്കരണത്തിൽ മാതൃകയായി ആലപ്പുഴ നിലംപേരൂർ ഗ്രാമപഞ്ചായത്ത്. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) വഴി പ്രതിമാസം ശരാശരി 1800 കിലോ അജൈവ മാലിന്യമാണ് പഞ്ചായത്തില്‍ സംഭരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഇ മാലിന്യം, കുപ്പിച്ചില്ലുകൾ തുടങ്ങി സമ്പൂർണ മാലിന്യ നിർമാർജനമാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
2000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള എംസിഎഫ് കേന്ദ്രമാണ് പഞ്ചായത്തിനുള്ളത്. 2024ൽ ശുചിത്വ മിഷൻ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് രണ്ടാം വാർഡിലെ എംസിഎഫ് കെട്ടിടനവീകരണം ആരംഭിച്ചത്. വൈദ്യുതീകരണം, കൺവെയർ ബെൽറ്റ്, ബെയിലിങ് മെഷീൻ, വാട്ടർ ടാങ്ക് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികളും ഇതോടൊപ്പം പൂർത്തിയാക്കി. സംഭരിക്കുന്ന മാലിന്യം തരംതിരിച്ചു ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്. 13 വാർഡുകളിലായി എംസിഎഫ് പ്രവർത്തനത്തങ്ങളിലൂടെ 26 ഹരിതകർമ്മസേനാംഗങ്ങൾക്ക് തൊഴിൽ നൽകുന്നു. ഇതുവഴി ശരാശരി 1,40,000 രൂപ പ്രതിമാസ വരുമാനവും ലഭിക്കുന്നു. കൂടാതെ മാലിന്യം സംഭരിക്കുന്നതിന് പൊതുസ്ഥലങ്ങളിൽ 11 ബോട്ടിൽ ബൂത്തുകളും 100 ഡസ്റ്റ് ബിന്നുകളും പഞ്ചായത്ത് നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.