ചാണകത്തെ മൂല്യവര്‍ധിത ഉത്പന്നമാക്കാൻ ‘സമൃദ്ധി'യുമായി പത്തനാപുരം ബ്ലോക്ക്

ചാണകത്തെ മൂല്യവര്‍ധിത ഉത്പന്നമാക്കി മണ്ണില്‍ പൊന്ന്‌വിളയിക്കാന്‍ ‘സമൃദ്ധി’യുമായി കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്. പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, വിളക്കുടി, തലവൂര്‍പഞ്ചായത്തുകളിലെ പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന 2000 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്. മേഖലയിലെ 27 ക്ഷീരോല്‍പാദക സംഘങ്ങള്‍ക്കും ഗുണകരമാകും. ക്ഷീരകര്‍ഷകരില്‍നിന്നും ഉണങ്ങിയ ചാണകംവാങ്ങി ജൈവവളമാക്കുന്നതിനായി എട്ട് ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 600 കര്‍ഷകരില്‍ നിന്നാണ് ചാണകശേഖരണം. 60 ശതമാനത്തോളം ഉണക്കിയ ചാണകം വേപ്പിന്‍പിണ്ണാക്കും ട്രൈക്കോഡര്‍മയും ചേര്‍ത്ത് പള്‍വറൈസറില്‍ പൊടിച്ച് നനവോട് കൂടി അള്‍ട്രാ വയലറ്റ് ഷീറ്റ്‌ക്കൊണ്ട് മൂടിവെയ്ക്കും. ഒരാഴ്ചയ്ക്കുശേഷം വീണ്ടും നനച്ച് മറുവശവും സമാനരീതിയില്‍ മൂടിവയ്ക്കും. രണ്ടാഴ്ചകൊണ്ട് മിശ്രിതം പൊടിഞ്ഞുചെറുതാകും.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഗുണനിലവാരപരിശോധനലാബില്‍ അയച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം വെയിംഗ് മെഷീനില്‍ തൂക്കമെടുത്ത് സീല്‍ ചെയ്താണ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ഖരാവസ്ഥയിലുള്ള വളം പൊടികളാക്കി മാറ്റുന്നതിനുള്ള യന്ത്രം സജ്ജീകരിക്കും.
മഴക്കാലത്ത് കൂടുതല്‍ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഷെഡ് (കമ്പോസ്റ്റ് പിറ്റ്) നിര്‍മിച്ച് നല്‍കുന്നുണ്ട്. 2024 -25 സാമ്പത്തിക വര്‍ഷം 90 വീടുകളില്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം 300 വീടുകളില്‍ കമ്പോസ്റ്റ് പിറ്റ് നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പശുവളര്‍ത്തലുള്ള വീടുകളില്‍ ചാണകവും മൂത്രവും കെട്ടിക്കിടന്ന് ദുര്‍ഗന്ധവും സാംക്രമികരോഗങ്ങളും പടരുന്ന സാഹചര്യം തടയാനാകുന്നു. ചാണകം മൂല്യവര്‍ധിത ഉത്പ്പന്നമാക്കി മാറ്റി കര്‍ഷകര്‍ക്ക് വരുമാന വര്‍ധനവ് സാധ്യമാക്കുന്നുമുണ്ട്. വൃത്തിയുള്ള ചുറ്റുപാടില്‍നിന്നും പാല്‍ ശേഖരിക്കാനുള്ള അവസരം ഒരുക്കുന്നതിനും പദ്ധതി സഹായകമായി.
ചാണകശേഖരണം മുതല്‍ ജൈവവളമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളെല്ലാം ബ്ലോക്കിലുള്ള മോഡല്‍ അഗ്രോ സര്‍വീസ് സെന്ററാണ് നിര്‍വഹിക്കുന്നത്. 12 അംഗങ്ങളാണുള്ളത്. കൃഷിവകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കാണ് മേല്‍നോട്ടച്ചുമതല. കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍പഞ്ചായത്തുകളിലേക്ക് പച്ചക്കറിതൈകളുടെ വിതരണവും നടന്നുവരുന്നു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ലേബലില്‍ 30 രൂപയ്ക്കാണ് സമ്പുഷ്ടീകരിച്ച സമൃദ്ധി വളം വില്‍ക്കുന്നത്. വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം ചാണകമെത്തിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കും മോഡല്‍ അഗ്രോ സര്‍വീസ് അംഗങ്ങള്‍ക്ക് കൂലി നല്‍കുന്നതിനും വളം നിര്‍മിക്കുന്നതിനാവശ്യമായ ട്രൈക്കോഡര്‍മ, വേപ്പിന്‍ പിണ്ണാക്ക് വാങ്ങിക്കുന്നതിനും വിനിയോഗിക്കുന്നു. ഒരു കിലോ ചാണകത്തിന് 10 രൂപയും വാഹനവാടകയും ഉള്‍പ്പെടെയാണ് നല്‍കുന്നത്. 300 രൂപ ദിവസവേതനത്തിലാണ് മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിലെ അംഗങ്ങളുടെ പ്രവര്‍ത്തനം. കുടുംബശ്രീയില്‍നിന്ന് 25,000 കിലോഗ്രാമിന്റെ ജൈവവള ഓര്‍ഡര്‍ പത്തനാപുരം ബ്ലോക്കിന് ലഭിച്ചിട്ടുണ്ട്. സമൃദ്ധി ജൈവവളം മികച്ച വിളവ് നല്‍കുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തിയെന്ന്പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി പറഞ്ഞു.