ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു

post

ചെങ്ങറയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഉടന്‍ ആരംഭിക്കും: മന്ത്രി ജി.ആര്‍ അനില്‍

പത്തനംതിട്ട ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.കോന്നി ചെങ്ങറ സമരഭൂമിയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു .

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 5.76 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. റൈറ്റ് റേഷന്‍ കാര്‍ഡിലൂടെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓണത്തോടനുബന്ധിച്ച് 6.5 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ചെങ്ങറയില്‍ പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ഇവയില്‍ 22 പിങ്ക് കാര്‍ഡുകള്‍കൂടി അടുത്തമാസം മഞ്ഞ കാര്‍ഡാക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നല്‍കിയ 95 പിങ്കും 3  വെള്ള കാര്‍ഡും മഞ്ഞയാക്കി. ഇതോടെ 35 കിലോ ധാന്യത്തിനും 6  ലിറ്റര്‍ മണ്ണെണ്ണയ്ക്കും കുടുംബങ്ങളെ അര്‍ഹരാക്കുന്നതിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചെങ്ങറ നിവാസികള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജനങ്ങളുടെ വസ്തു, വീട്, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുകയാണു സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര നിമിഷത്തിനാണ് ചെങ്ങറ സാക്ഷ്യം വഹിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.


ഭക്ഷ്യ പൊതുവിതരണ റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍ ഗോപിനാഥന്‍, ശ്യാംലാല്‍, ദീപകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.ആര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.