ഉള്‍നാടന്‍ മത്സ്യ സംരക്ഷണ പദ്ധതി: പമ്പാ നദിയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട പമ്പാ നദിയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ആറന്മുള പരപ്പുഴക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജൈവ വൈവിധ്യ പരിപാലന സമിതി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ബിഎംസി, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഉള്‍നാടന്‍ മത്സ്യങ്ങളുടെ പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി (ഊത്ത സംരക്ഷണ പദ്ധതി) നടപ്പാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍ മുഖ്യാഥിതിയായി. പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി എസ് അനിത, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. സി. പി. ഷാജി എന്നിവര്‍ ക്ലാസ് നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായര്‍, അംഗങ്ങളായ എസ്. ശ്രീലേഖ,  ഉത്തമന്‍ പുരുഷന്‍ നായര്‍, സി. ആര്‍. സതീദേവി, സെക്രട്ടറി ആര്‍. സുമാ ഭായ്, മല്ലപ്പുഴശ്ശേരി ബിഎംസി കണ്‍വീനര്‍ പി. കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.