'വര്‍ണപ്പകിട്ട്' ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം : ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ ഉള്‍കൊള്ളുന്നതില്‍ കേരളം മാതൃക സൃഷ്ടിക്കുന്നു -ദേശീയ സെമിനാര്‍
സമഗ്ര ഉള്‍ക്കൊള്ളലിന്റെ നയം സംസ്ഥാനങ്ങളും സമൂഹവും ഏറ്റെടുക്കണം -മന്ത്രി ഡോ. ആര്‍ ബിന്ദു
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ ഉള്‍കൊള്ളുന്നതില്‍ കേരളം മാതൃക സൃഷ്ടിക്കുന്നുവെന്ന് 'വര്‍ണപ്പകിട്ട്' ട്രാന്‍സ്ജന്‍ഡര്‍ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍. അവര്‍ക്കായി സര്‍ക്കാര്‍ പോളിസി രൂപീകരിക്കാനും അത് മികവുറ്റ രീതിയില്‍ നടപ്പാക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തില്‍ ഉണ്ടെന്നും 'എംപവറിങ് ട്രാന്‍സ്ജന്‍ഡര്‍ കമ്യൂണിറ്റി: ബ്രേക്കിങ് ബാരിയേഴ്‌സ്, ബില്‍ഡിങ് ഫ്യൂച്ചേഴ്‌സ്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ചയായത്.
കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.സമഗ്ര ഉള്‍ക്കൊള്ളലിന്റെ നയം സംസ്ഥാനങ്ങളും സമൂഹവും ഏറ്റെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ഓരോ അംഗത്തിനും നീതിയും അവസരവും ബഹുമാനവും ലഭ്യമാക്കാനും സാമൂഹിക സ്ഥാനം ഉറപ്പാക്കാനും കേരളം ഇടപെടലുകള്‍ നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ തന്നെ ട്രാന്‍സ് വിഭാഗം ആളുകളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെകുറിച്ച് അവബോധമില്ലായ്മയുണ്ടെന്നും ഇത് പരിഹരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. സര്‍ജറികള്‍ക്ക് നല്‍കുന്ന തുക മുന്‍കൂട്ടി ലഭ്യമാക്കാനും ആവശ്യമായ ആരോഗ്യ സംവിധാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആശുപത്രികളില്‍ കൃത്യമായി ലഭ്യമാക്കാനും നിര്‍ദേശമുണ്ടായി.
വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍, വിദ്യാഭ്യാസമാണ് സാമൂഹിക ഉന്നമനത്തിനുള്ള ഏക ആയുധമെന്നും തൊഴില്‍ ലഭ്യമാകുന്നതിലൂടെ മാത്രമേ സ്വയംപര്യാപ്തമായ സമൂഹം ഉണ്ടാവൂവെന്നും അഭിപ്രായമുയര്‍ന്നു. സംവരണത്തിലൂടെയും പുതിയ നയങ്ങളിലൂടെയും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വരെ എത്തുന്നുണ്ടോയെന്ന പരിശോധന വേണമെന്നും ആവശ്യമുയര്‍ന്നു. വിദ്യാഭ്യാസ മേഖലയിലെയും തൊഴില്‍ മേഖലയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് അറിയിച്ചു. അവകാശങ്ങള്‍ നേടാന്‍ ഇന്നും വലിയ പോരാട്ടമാണ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ നടത്തേണ്ടി വരുന്നതെന്ന് 'മനുഷ്യാവകാശവും സാമൂഹികനീതിയും' വിഷയത്തില്‍ നടന്ന ചര്‍ച്ച ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ എസ്. ജലജ, സ്റ്റേറ്റ് ട്രാന്‍സ്ജന്‍ഡര്‍ കോഓഡിനേറ്റര്‍ ശ്യാമ എസ് പ്രഭ എന്നിവര്‍ സംസാരിച്ചു. ഡോ. ജിതേഷ്, സഞ്ജയ് ശര്‍മ, ഡോ. എന്‍ ലക്ഷ്മി, ഡോ. സി എ സ്മിത, ഡോ. എല്‍ രാമകൃഷ്ണന്‍, ഡോ. അനുരാധ കൃഷ്ണന്‍, പി കെ പ്രിജിത്, ഡോ. എന്‍ ജന്‍സി, വിജയരാജമല്ലിക, റിതിഷ, അര്‍ജുന്‍ ഗീത, ഡോ. രേഷ്മ ഭരദ്വാജ്, സദ്ദാം ഹന്‍ജബാം, ഡോ. പി എം ആരതി, കോയെല്‍ ഘോഷ്, അഡ്വ. പത്മലക്ഷ്മി എന്നിവര്‍ വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.