മാവേലിക്കസ് 2025; നഗരം എട്ടു ദിവസം ദീപാലംകൃതമാക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025- ന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ പ്രധാനയിടങ്ങള്‍ വിപുലമായി ദീപാലംകൃതമാക്കും. മാനാഞ്ചിറ, സിഎസ്ഐ പള്ളി, എസ്എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, ഓൾഡ് കോർപ്പറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, പാളയം, കുറ്റിച്ചിറ, തളി തുടങ്ങി പ്രധാനയിടങ്ങളെല്ലാം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ വിവിധതരത്തിലുള്ള ദീപാലങ്കാര ഇന്‍സ്റ്റലേഷനുകളും മാതൃകകളും ഒരുക്കി നഗരം മനോഹരമാക്കും. ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇല്യുമിനേഷന്‍ കമ്മിറ്റി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
ജില്ലയ്ക്കു പുറത്തുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികളും ദീപാലങ്കാരങ്ങളുമാണ് ഇത്തവണ ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിക്കുന്നതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. പ്രധാനയിടങ്ങളില്‍ തീമാറ്റിക് ഡിസൈനിലാകും ദീപാലങ്കാരം ഒരുക്കുക.
യോഗത്തില്‍ ഇല്യുമിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ രാജഗോപാല്‍ അധ്യക്ഷനായി, എഡിഎം പി സുരേഷ്, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, കമ്മിറ്റി കണ്‍വീനര്‍ പ്രപു പ്രേംനാഥ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, കമ്മിറ്റി കണ്വീണര് ശ്രീപ്രസാദ്, വിവിധ ക്ലബുകള്‍, എന്‍ജിഒ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍, ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.