ട്രാന്‍സ്‌ജെന്‍ഡര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്തു

സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഫിലിം ഫെസ്റ്റിവല്‍ സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിക്കാന്‍ സിനിമയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രയാസങ്ങളും സങ്കടങ്ങളും ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമമാണ് സിനിമയെന്നും രാജ്യങ്ങള്‍ക്ക് അപ്പുറത്തുള്ള മനുഷ്യരുടെ അനുഭവങ്ങള്‍ നമ്മളറിഞ്ഞത് സിനിമകളിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം മനുഷ്യരും ട്രാന്‍സ് സമൂഹത്തെ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല. അവരും മനുഷ്യരാണെന്ന ഉറച്ച പ്രഖ്യാപനങ്ങള്‍ ഇനിയും സമൂഹത്തിലുണ്ടാകണം. അതിനുള്ള വഴിയായി ഫിലിം ഫെസ്റ്റിവല്‍ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.
ചടങ്ങില്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു. നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ നേഗ, നടിയും ആക്ടിവിസ്റ്റുമായ എ രേവതി എന്നിവര്‍ മുഖ്യാതിഥികളായി. അഭിനേതാക്കളായ നാദിറ മെഹര്‍, സാന്ദ്ര ലാര്‍വിന്‍, സഞ്ജന ചന്ദ്രന്‍, റിയ ഇഷ, ശീതള്‍ ശ്യാം, സംവിധായിക എസ് ഏരിയല്‍ എന്നിവര്‍ അതിഥികളായി. സാമൂഹികനീതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജലജ സ്വാഗതവും അസി. ഡയറക്ടര്‍ ഷീബ മുംതാസ് നന്ദിയും പറഞ്ഞു.