തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

post

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച 'ഓർമ്മ എക്‌സ്പ്രസ്സ്' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസ്സുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ ഇന്ന് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനും സാധിച്ചു എന്നാണ് മനസ്സിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഏവരുടെയും സഹകരണം ഉണ്ടാകണം. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.


പ്രത്യേകം സജ്ജമാക്കിയിരുന്ന പഴയ കെ.എസ്.ആർ.ടി.സി ബസിന്റെ ചവിട്ടുപടിയിൽ ഗണേഷ് കുമാറും മോഹൻലാലും ഒരുമിച്ച് നിന്ന് പഴയകാല ബസ് യാത്രാ ഓർമ്മകൾ പുതുക്കി. അതിനുശേഷം പുതിയ വോൾവോ ബസിൽ കയറി ആധുനിക സൗകര്യങ്ങൾ മനസ്സിലാക്കി.

കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമാണ് 'ഓർമ്മ എക്‌സ്പ്രസ്സ്' സംഘടിപ്പിക്കുന്നത്. ആദ്യ യാത്രയിൽ സംവിധായകൻ പ്രിയദർശനും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവും ഉൾപ്പെടെയുള്ളവർ മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചു.