കേരള മോഡൽ സാന്ത്വന പരിചരണം ഇനി ഹിമാചൽ പ്രദേശിലും

post

കേരളത്തിലെ സാമൂഹീകാധിഷ്ഠിത സാന്ത്വന പരിചരണം ദേശീയ ശ്രദ്ധയിൽ

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം മാതൃകയാക്കി ഹിമാചൽ പ്രദേശ്. ഹിമാചൽ പ്രദേശിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള മോഡൽ പാലിയേറ്റീവ് കെയർ നടപ്പിലാക്കാനാണ് തീരുമാനം. ഹിമാചൽ പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, എൻഎച്ച്എം മിഷൻ ഡയറക്ടർ എന്നിവരുടെ സംഘം അടുത്തിടെ കേരളത്തിന്റെ സാന്ത്വന പരിചരണ സംവിധാനം പഠിക്കുന്നതിന് കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം, എറണാകുളം, ജില്ലകൾ സന്ദർശിച്ച് പാലിയേറ്റീവ് കെയർ ടീമിന്റെ പ്രവർത്തനങ്ങൾ അവർ നേരിട്ട് മനസിലാക്കി. കേരളം നടപ്പിലാക്കി വരുന്ന എല്ലാ കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണം ഉറപ്പാക്കുന്ന സാർവത്രിക പദ്ധതി അവർക്ക് ഏറെ ഇഷ്ടപ്പെട്ടു.

കേരളത്തിലെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കാൻ കേരളത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവർക്ക് എല്ലാ പിന്തുണയും നൽകി. അങ്ങനെ ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നും ഒരു ഡോക്ടറും ഒരു നഴ്സും വച്ച് 70 ഡോക്ടർമാർക്കും 70 നഴ്സുമാർക്കും പരിശീലനം നൽകാൻ തീരുമാനിച്ചു. ആദ്യഘട്ടമായി എത്തിയ 15 ഡോക്ടർമാർക്കും 15 നഴ്സുമാർക്കും 10 ദിവസത്തെ പരിശീലനം നൽകി. പരിശീലനത്തിന്റെ സമാപന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്ത് സംഘത്തെ അഭിസംബോധന ചെയതു. പരിശീലനത്തിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക് സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ പാലിയേറ്റീവ് കെയർ പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ ഡോ. മാത്യു നമ്പേലി, ആർദ്രം ജോ. കോ-ഓർഡിനേറ്റർ ഡോ. മഹേഷ്, എന്നിവർ പങ്കെടുത്തു. മുൻ ചീഫ് സെക്രട്ടറി. ഡോ. എസ്.എം. വിജയാനന്ദ്, ഡോ. എം.ആർ. രാജഗോപാൽ, ഡോ. സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.