നഴ്സിംഗ് കോളേജുകൾക്ക് 13 തസ്തികകൾ;മന്ത്രിസഭ അനുമതി നൽകി

post

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളും ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് നഴ്സിംഗ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾ ഓരോന്നു വീതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിൽ 2 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം ഈ തസ്തികകളിൽ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് ഈ സർക്കാരിന്റെ കാലത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം കഴിഞ്ഞ വർഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ 400 സീറ്റുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകൾ, സീപാസ് 150 സീറ്റുകൾ, കെയ്പ് 50 സീറ്റുകൾ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്‌സിംഗ് കോളേജുകൾക്കായി 79 തസ്തികകളും സൃഷ്ടിച്ചു. ഇത് കൂടാതെയാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കാസർഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിംഗ് കോളേജുകളും തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറൽ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും കോളേജുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, കോന്നി, നൂറനാട്, ധർമ്മടം, തളിപ്പറമ്പ്, താനൂർ എന്നിവടങ്ങളിൽ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകളും ആരംഭിച്ചു.