മീനങ്ങാടി പോളിടെക്നിക്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ലാബ് കെട്ടിടവും ഉദ്‌ഘാടനം ചെയ്തു

post

സാങ്കേതിക വിദ്യാഭ്യാസം നേടുന്നവര്‍ നവകേരളത്തെ നയിക്കേണ്ടവരെന്ന് മന്ത്രി ആര്‍ ബിന്ദു

വയനാട് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.

സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന ലോകത്ത് സാങ്കേതിക വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ നവകേരളത്തെ നയിക്കേണ്ടവരാണെന്ന് മന്ത്രി പറഞ്ഞു .

നവകേരള സൃഷ്ടിയുടെ ഭാഗമായി പുതിയ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതായും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാക്തീകരിച്ച് സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രചോദനവും പിന്തുണയും ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സാങ്കേതിക മേഖലയിലെ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, ഇന്നൊവേഷന്‍, ഇന്‍ക്യൂബേഷന്‍, സ്റ്റാര്‍ട്ട് അപ്പ് ലക്ഷ്യമാക്കി യങ് ഇന്നൊവേറ്റേഴ്‌സ് ക്ലബ് എന്നിവ ആരംഭിച്ചു. മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളജില്‍ 10.40 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ കോണ്‍ഫറന്‍സ് ഹാളും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രവുമാണ് ഒരുക്കിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബില്‍ ബേസിക് മെക്കാനിക്കല്‍ ലാബ്, ഹൈഡ്രോളിക്സ് ലാബ്, ഹീറ്റ് എഞ്ചിന്‍ ലാബ്, കാഡ് ലാബ് എന്നീ സൗകര്യങ്ങളുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായി.ഐ സി ബാലക്യഷ്ണന്‍ എംഎല്‍എ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് ഫെസിലിറ്റേഷന്‍ യൂണിറ്റ് ഡയറക്ടര്‍ ഡോ. ജെ എസ് സേവ്യര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീന വിജയന്‍, ലത ശശി, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി പി ഷിജു, ലിസി പൗലോസ്, നാസര്‍ പാലക്കമൂല, എന്‍ പി കുഞ്ഞു മോള്‍, സജി വര്‍ഗ്ഗീസ്, ടി എം ഹയറുദ്ദീന്‍, കെ പി രജിത്ത്, ജോണ്‍സണ്‍ ജോസഫ്, വി എന്‍ കരുണാകരന്‍, എം രാമചന്ദ്രന്‍, വി സി സുപ്രിയ, എ ടി ഷണ്‍മുഖന്‍, വിദ്യാര്‍ത്ഥി സി ടി ആദിത്ത്, പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് പി എന്‍ വികാസ് എന്നിവര്‍ സംസാരിച്ചു.