തലപ്പുഴ എഞ്ചിനിയറിങ് കോളജിൽ പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിൽ പുതിയതായി നിര്‍മിച്ച പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയതായി നിര്‍മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു.
വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.
വയനാട് ഗവ. എഞ്ചിനിയറിങ് കോളജിൽ ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റ സയൻസിൽ ബിടെക് കോഴ്സ് ആരംഭിക്കാനുള്ള അപേക്ഷ നിലവിൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും അനുമതി ലഭ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതിപ്രകാരമുള്ള ഒരു പദ്ധതിയും നബാര്‍ഡ് സ്കീമിൽ ഉൾപ്പെടുത്തിയ മറ്റൊരു പദ്ധതിയും കോളജിൽ നടപ്പാക്കാൻ എല്ലാ പരിശ്രമങ്ങളും വകുപ്പിൽ നിന്ന് ഉണ്ടാവും.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ പഠിച്ചുവരുന്നവര്‍ക്ക് നാടിനോട് പ്രതിബദ്ധതയുണ്ടാവണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി - പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആര്‍ കേളു പറഞ്ഞു.
മൂന്ന് നിലകളിലായി 1110 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിൽ പൂര്‍ത്തീകരിച്ച പ്ലേസ്മെന്റ് സെന്റര്‍ ആന്റ് ഗസ്റ്റ് ഹൗസ് കെട്ടിടത്തിൽ സെമിനാര്‍ ഹാൾ, ഇന്റര്‍വ്യൂ ഹാൾ, പ്ലേസ്മെന്റ് ഓഫീസ്, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഏഴ് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ ലൈബ്രറി കെട്ടിടത്തിലും വിപുലമായ സംവിധാനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 1493 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ കെട്ടിടം പൂര്‍ത്തിയാവുമ്പോൾ ഡിജിറ്റൽ ലൈബ്രറി, സ്റ്റോര്‍ റൂം, ഓപ്പൺ റീഡിങ് റൂം, റഫറൻസ് സെക്ഷൻ, സ്റ്റോക്ക് റൂം ലേണിങ് സെഷൻ, ശുചിമുറി സൗകര്യങ്ങൾ എന്നിവയുണ്ടാവും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ഷബിദ, പി എസ് മുരുകേശൻ, കോളജ് പ്രിൻസിപ്പൽ ഡോ. എം രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് വി ആര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സനില പി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ഡോ. സേവ്യര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ, അധ്യാപക - വിദ്യാര്‍ത്ഥി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു.