ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണം: ജില്ലാതല ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു

ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൊല്ലം ജില്ലാതല ജനകീയചര്‍ച്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി. കെ. ഗോപന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന, സെക്കുലറിസം, ശാസ്ത്രാവബോധം, പരിസ്ഥിതിസംരക്ഷണബോധം, ലഹരിവിമുക്തത, സര്‍ഗാത്മകചിന്ത, അറിവ്ഉല്‍പ്പാദനം, ചുറ്റുപാടുകളെനിരീക്ഷിക്കല്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കാലാനുസൃതമായ ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിലേക്കായിരിക്കണം പുതിയ പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തേണ്ടതെന്ന് പറഞ്ഞു.
2005 ലും 2013 ലും പരിഷ്‌കരിച്ച എസ്.സി.ഇ.ആര്‍.ടി, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളാണ് നിലവില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറിതലത്തില്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് തുടക്കമാകുകയാണ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനുള്ള വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. പി.റ്റി.അജീഷ് നിലപാട് രേഖ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുളത്തൂപ്പുഴ, ഹയര്‍സെക്കന്‍ഡറി ആര്‍ ഡി ഡി എസ്.അജിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ. ലാല്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സജി, എസ്.എസ്.കെ ജില്ലാ കോഡിനേറ്റര്‍ ജി.കെ ഹരികുമാര്‍, വിദ്യാകിരണം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കെ. കൊച്ചയ്യം, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ എ. പോള്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എന്‍.എസ് ജയകുമാര്‍, അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍തൃപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.