രാത്രികാല മൃഗ ചികിത്സ : സൗജന്യ സേവനങ്ങൾ ഉദ്‌ഘാടനം ചെയ്തു

post

കാലികള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് : മന്ത്രി ജെ.ചിഞ്ചുറാണി

രാത്രികാല മൃഗ ചികിത്സാസേവനത്തിനുള്ള കൊല്ലം ചിറ്റുമല ബ്ലോക്കിന്റെ സൗജന്യ മരുന്നുകൾ, വാഹനസഹായം എന്നിവയുടെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിർവഹിച്ചു.

കുറഞ്ഞചിലവില്‍ എല്ലാ പൈക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കായി  പാലിന് ഏറ്റവും ഉയര്‍ന്ന വിലനല്‍കുന്ന സംസ്ഥാനമാണ് കേരളം. ക്ഷീരകര്‍ഷകര്‍ ബാങ്കില്‍നിന്നു വായ്പയെടുക്കുന്ന തുകയുടെ പലിശ  അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ തിരിച്ചടയ്ക്കും.

സംസ്ഥാനത്തെ എല്ലാ ബ്ലോക്ക്പഞ്ചായത്തുകളിലും രാത്രികാല സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ മൃഗാശുപത്രികള്‍ മുഴുവന്‍സമയ ചികിത്സാകേന്ദ്രങ്ങളായി മാറും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാന്‍  95000 രൂപ, ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ, അപകടത്തില്‍പ്പെട്ട പശുക്കളുടെ ചികിത്സയ്ക്ക് ഏഴ് ലക്ഷം രൂപ, ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കായി സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സഹായങ്ങള്‍ നല്‍കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് 39 കോടി രൂപയാണ് മില്‍മയുടെ ലാഭം. ക്ഷീരസംഘങ്ങളിലെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ളവര്‍ക്ക് ഓണംമധുരം പദ്ധതിപ്രകാരം 500 രൂപ ബോണസായി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തിനല്‍കിയാല്‍ രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ പോര്‍ട്ടബിള്‍ എബിസി സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചിറ്റുമല ബ്ലോക്കും അനുബന്ധ പഞ്ചായത്തുകളും പദ്ധതിവിഹിതമായി സംഭാവനചെയ്ത അഞ്ചര ലക്ഷം രൂപയുടെ മരുന്നുകളും വാഹനസഹായ ധാരണ പത്രവും  മന്ത്രി കൈമാറി.

ചിറ്റുമല ബ്ലോക്കിലെ രാത്രികാല മൃഗചികിത്സാ കേന്ദ്രം കുണ്ടറ മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തൃക്കരുവ, പനയം, പെരിനാട്, പേരയം, കുണ്ടറ, കിഴക്കേ കല്ലട, മണ്‍റോതുരുത്ത് എന്നീ പഞ്ചായത്തുകളില്‍ സേവനം ലഭിക്കും.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍ എ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി.ദിനേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി ലാലി, മിനി തോമസ്, സരസ്വതി രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, ഇന്ദ്രീജലേഖ, അരുണ്‍ അലക്‌സ്, പഞ്ചായത്തംഗം ആര്‍.ജി.രതീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. ഡി. ഷൈന്‍കുമാര്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി. ബേബി, ഡോ. എം.മഞ്ജു, ഡോ.  കെ.ജി.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.