മൃഗചികിത്സാസേവനം:ജില്ലയിൽ മൊബൈല്‍ സര്‍ജറി യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു

വളര്‍ത്തുമൃഗങ്ങളുടെ ശസ്ത്രക്രിയകള്‍ക്കായുള്ള മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ ഫ്‌ളാഗ്ഓഫ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കൊല്ലം പരവൂര്‍ നഗരസഭാങ്കണത്തില്‍ നിർവഹിച്ചു .
കേരള പുനര്‍ നിര്‍മ്മാണപദ്ധതിപ്രകാരം വാങ്ങിയതാണ് പുതിയ യൂണിറ്റുകള്‍. തിരഞ്ഞെടുക്കപ്പെട്ട 60 മൃഗചികിത്സാകേന്ദ്രങ്ങളില്‍ ജൂനിയര്‍ റസിഡണ്ട് വെറ്ററിനറി ഡോക്ടര്‍മാരെയും നിയമിക്കും. ചര്‍മ്മമുഴ രോഗം കാരണം പശുക്കളെ നഷ്ടപ്പെട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ചിതറ, കുളത്തുപ്പുഴ, പുനലൂര്‍, പരവൂര്‍, കൊട്ടിയം, ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളില്‍ ആഴ്ചതോറും എത്തിച്ചേരുന്ന രീതിയിലാണ് മൊബൈല്‍ യൂണിറ്റിന്റെ സേവനം. മൃഗങ്ങളെ പരിശോധിച്ച് ശസ്തക്രിയ തീരുമാനിക്കപ്പെട്ടാല്‍ 1962 കാള്‍ സെന്റര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. ക്യൂ ആര്‍ കോഡ് വഴി ഫീസും അടയ്ക്കാം.
ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി.പരവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ശ്രീജ, വൈസ് പ്രസിഡന്റ് എ.സഫര്‍, സ്ഥിരംസമിതികളുടെ അധ്യക്ഷരായ ശ്രീലാല്‍, മിനി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.രമ ജി. ഉണ്ണിത്താന്‍, ഡോ. സജീന, ഡോ വിനോദ് ചെറിയാന്‍, ഡോ.നന്ദു വിജയന്‍, ആര്‍.എസ് സുധീര്‍കുമാര്‍, എസ്. അബ്ദുള്‍സജീം എന്നിവര്‍ പങ്കെടുത്തു.