വിദേശ ജോലി തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം: സംസ്ഥാന യുവജന കമ്മീഷൻ

post

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജിർ. കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിനും പഠനത്തിനുമായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം മുതലാക്കാൻ നിരവധി വ്യാജ സ്ഥാപനങ്ങൾ വരുന്നുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി പരാതികളാണ് കമ്മീഷന് മുന്നിൽ എത്തുന്നത്. കൃത്യമായ രേഖകളില്ലാതെയാണ് പലരും ലക്ഷക്കണക്കിന് രൂപ കൈമാറുന്നത്. ഇത് കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കും. സ്ഥാപനങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് മാത്രം സാമ്പത്തിക ഇടപാടുകൾ നടത്താൻ രക്ഷിതാക്കളും തൊഴിലന്വേഷകരും ജാഗ്രത പുലർത്തണമെന്നും എം. ഷാജിർ പറഞ്ഞു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 26 പരാതികൾ പരിഗണിച്ചു. 14 പരാതികൾ പരിഹരിച്ചു. 12 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.സി. ഷൈജു, ശ്രീജിത്ത് എച്ച്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.