ശിശുക്ഷേമ സമിതിയുടെ ശാസ്ത്ര ചരിത്ര ശില്‍പശാലക്ക് തുടക്കം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര ചരിത്ര സംസ്ഥാന ശില്‍പശാലക്ക് കണ്ണൂർ കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ തുടക്കമായി. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സനാഥ ബാല്യം സംരക്ഷിത ബാല്യം എന്നത് അര്‍ഥവത്തും ദീര്‍ഘവീക്ഷണമുള്ളതുമായ ആശയമാണെന്നും ഈ ആശയത്തിലൂന്നി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും എം എല്‍ എ പറഞ്ഞു.
കുട്ടികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്നതിനുമാണ് 'ഓറ ഫ്രെയിമിങ് കുട്ടികള്‍ക്കിണങ്ങുന്ന ലോകം' എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. മാറുന്ന ലോകം മാറുന്ന കുട്ടികള്‍, കുട്ടികള്‍ ഇന്നത്തെ പൗരര്‍ എന്ന വിഷയങ്ങളിലൂടെ ശാസ്ത്രത്തിന്റെ വ്യത്യസ്ഥങ്ങളായ കൗതുക തലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭിച്ചു. മുന്‍ ബാലവകാശ കമ്മീഷന്‍ അംഗം സി വിജയകുമാര്‍, ക്യാമ്പ് ഡയറക്ടര്‍ ടി.എസ് സന്ദീപ്, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ പ്രവിശ പ്രമോദ്, ക്യാമ്പ് സംഘാടക സമിതി കണ്‍വീനര്‍ അശോക് കുമാര്‍, ടി.കെ നാരായണദാസ് എന്നിവര്‍ ക്യാമ്പ് വിശദീകരണം നടത്തി. സംസ്ഥാനത്തെ 140 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ അധ്യക്ഷനായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, മുന്‍ എം എല്‍ എ എം പ്രകാശന്‍, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി സുമേശന്‍ മാസ്റ്റര്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ഗോപി, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ശിശുക്ഷേമ സമിതി ട്രഷറര്‍ കെ ജയ്പാല്‍, സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.എം ബാലകൃഷ്ണന്‍, എം.കെ പശുപതി, യേശുദാസ് പാറപ്പിള്ളി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.എം രസില്‍ രാജ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് 16 ന് സമാപിക്കും.