കണ്ണൂർ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയ പതാക ഉയർത്തി

post

കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാക ഉയര്‍ത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.

ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ. ജനാധിപത്യം പരിപാലിക്കപ്പെടണം. അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കില്‍ പോലും നാമെല്ലാവരും അണിനിരക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു. സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ ഭരണഘടന മൂല്യങ്ങളും ആ മൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും വിശ്വാസികള്‍ക്ക്, മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്, ഒരു ജാതിയില്‍പ്പെട്ടവര്‍ക്ക് കണ്ണുനീര്‍ ഒഴുക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാന്‍ കഴിയണം. ഒരുപോലെ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്ന സമത്വ സുന്ദരമായ ജനാധിപത്യ അവകാശങ്ങളും മതേതരത്വ അവകാശങ്ങളും സൂക്ഷിച്ചു കൊണ്ടാണ് നമ്മുടെ രാജ്യം ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണവും ലോകം ശ്രദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക സ്ഥാപനങ്ങള്‍ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത്തരം സ്ഥാപനങ്ങളെ ദുര്‍ബലമാക്കാനും കീഴ്‌പ്പെടുത്തുവാനുമുള്ള ഏത് ശ്രമങ്ങളും രാജ്യത്തിന് ഗുണകരമായിരിക്കില്ല. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള മഹാ ധീര ദേശാഭിമാനികള്‍ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്തിയെ പറ്റൂ. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ നമ്മുടെ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ സമര്‍പ്പിച്ചവരെ നാം വിസ്മരിക്കരുത്. സ്വാതന്ത്ര്യത്തിനുവേണ്ടി സമരപഥങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ പാവനമായ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.


ദേശീയപതാക ഉയര്‍ത്തിയശേഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുറന്ന ജീപ്പില്‍ പരേഡ് പരിശോധിച്ചു. മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍, കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, വനംവകുപ്പ്, എന്‍.സി.സി., എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് എന്നിവയുടെ ഉൾപ്പെടെ 18 പ്ലേറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഡി.എസ്.സി, ആര്‍മി പബ്ലിക് സ്‌കൂള്‍, സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് ബര്‍ണശ്ശേരി ബാന്‍ഡുകളും പരേഡില്‍ അണിനിരന്നു. കണ്ണപുരം പോലീസ് സ്റ്റേഷന്‍ എസ്.ഐ.മഹേഷ് കടമ്പത്തായിരുന്നു പരേഡ് കാമാന്‍ഡര്‍. തലശ്ശേരി സ്റ്റേഷന്‍ എസ്.ഐ ഷാഫത്ത് മുബാറക്ക് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി.

സേനാവിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് കെ പി നാലാം ബറ്റാലിയന്‍ മികച്ച പരേഡിനുള്ള ഒന്നാം സ്ഥാനംനേടി. എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ തോട്ടട ഗവ. പോളിടെക്‌നിക് കോളേജ് ഒന്നാം സ്ഥാനം നേടി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് വിഭാഗത്തില്‍ കണ്ണൂര്‍ എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍, ഗൈഡ്‌സ് വിഭാഗത്തില്‍ പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. റെഡ് ക്രോസ് വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷന്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇലക്ടോപിച്ച്, ക്വിസ് മത്സരവിജയികള്‍ മന്ത്രിയില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. കൊട്ടിയൂര്‍ ഐ ജെ എം എച്ച്എസ്എസ് വിദ്യാര്‍ത്ഥി അമല്‍ സെബാസ്റ്റ്യന്‍, കണ്ണൂര്‍ എസ് എന്‍ കോളേജ് വിദ്യാര്‍ഥി പി എസ് ജന്നത്ത്, ഇരിട്ടി എംജി കോളേജ് വിദ്യാര്‍ത്ഥി ബി അനുനന്ദ എന്നിവര്‍ക്കാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ക്വിസ് മത്സരത്തില്‍ ഗവ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥികളായ കെ സി ദ്രുപത്, പൃഥ്വി പവിത്രന്‍ എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. കണ്ണൂര്‍ ചിന്മയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥികളായ കൃഷ്‌ണേന്ദു എം നായര്‍, എന്‍ ആര്‍ സുമയ്യ, പൂര്‍ണ്ണ ശ്രീനിവാസന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് വിദ്യാര്‍ഥികളായ കെ പി ആദ്യ, ഡി.അഞ്ജന, ശിവാനി എസ് ബിജു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ ദേശഭക്തിഗാനം ആലപിച്ചു.


കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.വി.സുമേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ്, റൂറല്‍ എസ്.പി അനൂജ് പലിവാല്‍, അസിസ്റ്റന്റ് കലക്ടര്‍ എഹ്തദെ മുഫസിര്‍, ഡി.എഫ്.ഒ എസ്. വൈശാഖ്, എ.ഡി.എം കല ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.