തങ്കമണി, വാഗമണ്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിനും പുതിയ മന്ദിരം

post

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കി: മുഖ്യമന്ത്രി

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇടുക്കി തങ്കമണി, വാഗമണ്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു . സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു. 

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കുമിത് ബോധ്യപ്പെടും. പോലീസ് സ്റ്റേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന പഴയ സങ്കല്‍പ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ കസേരയുണ്ട്, സഹായിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുണ്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നല്‍കാന്‍ സാധിച്ചുവെന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. കര്‍ത്തവ്യബോധത്തില്‍ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവര്‍ത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായി നിയമം നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് യാതൊരുവിധമായ തടസ്സമോ സമ്മര്‍ദ്ദമോ ഇല്ല. സോഷ്യല്‍ പോലീസിംഗ് സംവിധാനം ശക്തമായി തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പോലീസിനെ ശാക്തീകരിച്ചു മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ആധുനിക അന്വേഷണരീതികള്‍ നല്ല രീതിയിലാണ് കേരള പൊലീസ് പ്രയോഗിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനവും മികച്ച് നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.


തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ എം. എം മണി എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് കാവുങ്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ചിഞ്ചുമോള്‍ ബിനോയി, എം. ജെ ജോണ്‍, എന്‍. ആര്‍ അജയന്‍, ചെറിയാണ കട്ടക്കയം, റീന സണ്ണി, വി. എന്‍ പ്രഹ്‌ളാദന്‍, ജോസ് തൈച്ചേരില്‍, ജിന്റു ബിനോയി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

വാഗമണ്‍ പോലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ,പീരുമേട് ഡി.വൈ. എസ്. പി വിശാൽ ജോൺസൺ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ. ആര്‍ ബിജു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിര്‍വഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ അരമന, ഇടുക്കി എസ്. എച്ച്. ഒ സന്തോഷ് സജീവ്, കുളമാവ് എസ്. എച്ച്. ഒ ടോണി ജെ.മറ്റം, ജില്ലാ ക്യാമ്പ് ആര്‍എഎസ്‌ഐ ഡിഎച്ച്ക്യു ബൈജു. ആര്‍, ജില്ലാ ക്യാമ്പ് ആര്‍എസ്‌ഐ ഡിഎച്ച്ക്യു ജമാല്‍ പി.എച്ച്, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് നിലകളിലായാണ് തങ്കമണി,വാഗമണ്‍ പോലീസ് സ്റ്റേഷനുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോര്‍ഡ് റൂം, മൂന്ന് ലോക്കപ്പുകള്‍, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉള്‍പ്പെടെ 23 റൂമുകളും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി രണ്ട് കോടി നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും വാഗമണ്‍ | പോലീസ് സ്റ്റേഷന് 1.99 കോടി രൂപയുമാണ് നിര്‍മ്മാണ ചെലവ്.

 ഇടുക്കി പോലീസ് ക്യാമ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിര്‍മ്മാണത്തിനായി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് വിനിയോഗിച്ചത്. ഇരുനിലകളിയായി നിര്‍മ്മിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം, എഎന്‍പിആര്‍, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുറികളും നിര്‍മ്മിച്ചിട്ടുണ്ട്.