തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടലംഘനം: പരാതികൾ തീർപ്പാക്കി

post

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ലാതല മോണിറ്ററിംഗ് സമിതി മുൻപാകെ എത്തിയ രണ്ട് പരാതികൾ തീർപ്പാക്കിയതായി ജില്ലാ കളക്ടറും ജില്ലാ ഇലക്ഷൻ ഓഫീസറുമായ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ മൂന്ന് കരാർ ജീവനക്കാർ ജോലിക്ക് ഹാജരാകാതെ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയുടെയും കരാർ ജീവനക്കാരുടെയും വിശദീകരണം ലഭ്യമായതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാൻ സമിതി തീരുമാനിച്ചിരുന്നു. പരാതി സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. തങ്ങൾ അവധിയിലാണെന്ന് ജീവനക്കാർ വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് പരാതി തീർപ്പാക്കാൻ ജില്ലാതലസമിതി യോഗം തീരുമാനിച്ചു.

സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സർവേയർമാരെ നിയമിക്കുന്നതിനെതിരേ സമർപ്പിച്ച പരാതിയിൽ ചട്ടലംഘനമില്ലെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപേ തന്നെ ആരംഭിച്ചതാണ് നിയമനനടപടികൾ. അതിനാൽ അതു തുടരാമെന്നും ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ ഗണത്തിൽ വരില്ലെന്നും യോഗത്തിൽ സന്നിഹിതനായിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ പൊതു നിരീക്ഷകൻ രാജു കെ ഫ്രാൻസിസ് അറിയിച്ചു.

വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അക്ഷയ വഴി പെൻഷൻ കൊടുക്കുന്നുവെന്ന പേരിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് പിടിക്കാൻ പണം നൽകുന്നു എന്ന പരാതി സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് സമിതി തേടി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിയുടെ പോസ്റ്ററുകൾ അനുവാദം കൂടാതെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന്റെ ഭിത്തികളിൽ പതിപ്പിച്ചു എന്ന പരാതിയിൽ പോസ്റ്ററുകൾ നീക്കം ചെയ്തതായി വരണാധികാരി റിപ്പോർട്ട് നൽകി.

കളക്ടറുടെ അധ്യക്ഷതയിൽ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം മോണിട്ടറിങ് സമിതി യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു, സമിതി കൺവീനറും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുമായ ട്രീസ ജോസ്, ഐ ആന്റ് പി. ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ പ്രമോദ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് എന്നിവർ പങ്കെടുത്തു.