അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബ്ബില്‍ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഭിന്നശേഷി വിഭാഗക്കാര്‍ ഏറ്റവും മികച്ചവരാണ്. അതിന്റെ മികച്ച ഉദാഹരണമാണ് ഹെലന്‍ കെലര്‍. ജന്മനാ അന്ധയും ബധിരയുമായ അവര്‍ തന്റെ പരിമിതികളെ അതിജീവിച്ച് നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. അതുപോലെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളോടൊപ്പം വിവിധ സംഘടനകളുടെ സഹായ സഹകരണങ്ങള്‍ അവര്‍ക്ക് നല്‍കണം. നമ്മുടെ സന്തോഷ നിമിഷങ്ങളില്‍ ഭിന്നശേഷി സമൂഹത്തെയും ചേര്‍ത്തുപിടിച്ച് അവരോടൊപ്പം സന്തോഷം പങ്കിടണമെന്നും അത്തരമൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ വി.എ.ഷംനാദ് അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ സിജി എന്‍.എന്‍ മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷി നിയമാവബോധം രൂപീകരിക്കുന്ന ഭാഗമായി വികലാംഗരുടെ അവകാശ നിയമം,നാഷണല്‍ ട്രസ്റ്റ് ആക്ട് എന്നിവ സംബന്ധിച്ച് അഡ്വ. പ്രേംജി സുകുമാര്‍,സംസ്ഥാന ഭിന്നശേഷി കമ്മിറ്റി അംഗം ചാക്കോ ചാക്കോ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ ആസിഫ് ഉമ്മര്‍, പ്രവീണ്‍ ഗോപാല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഭിന്നശേഷി മേഖലയ്ക്ക് സഹായവും പ്രോത്സാഹനം നല്‍കുന്ന എന്‍.സി.സി. യൂണിറ്റിനുള്ള സഹചാരി അവാര്‍ഡ് തങ്കമണി സെന്റ്. തോമസ് ഹൈസ്‌കൂള്‍ നേടി. കായിക മേഖലയില്‍ വിവിധ നേട്ടങ്ങളും മികച്ച പ്രകടനവും കാഴ്ചവച്ച ദിന്നശേഷികാരനായ പി.ഡി. പ്രമോദിനെയും ആദരിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികള്‍ നടന്നു.
യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എന്‍. ദീപു,ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ശരത് ജി റാവു,ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ പ്രതിനിധി റോസക്കുട്ടി എബ്രാഹം,നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ.കെ.ഖയാസ്, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിധിന്‍ പോള്‍, പ്രൊബേഷന്‍ ഓഫീസര്‍ വി.കെ. മായാമോള്‍, വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,സാമൂഹ്യനീതി വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










