തിരഞ്ഞെടുപ്പ്: വ്യാജ വിവരങ്ങൾ പ്രചാരണങ്ങളിൽ ഉപയോഗിച്ചാൽ ശക്തമായ നടപടി

post

ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. ജില്ലാതല മീഡിയ റിലേഷൻസ് സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും, നീതിയുക്തവും, സുതാര്യവുമായി നിർവ്വഹിക്കുന്നതിന് വിവിധ വാർത്താ മാധ്യമങ്ങളുടെ ആത്മാർത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. മറ്റു പൊതുതിരഞ്ഞെടുപ്പുകൾക്ക് ബാധകമാകുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ/ വരണാധികാരി/മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും/ഉത്തരവുകളും പാലിക്കണമെന്ന് കളക്ടർ പറഞ്ഞു.

പി. ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. പ്രമോദ്കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, ജില്ലാ ലോ ഓഫീസർ ജി. രഘുറാം, അഡീഷണൽ എസ്.പി ഇമ്മാനുവൽ പോൾ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസാ ജോസ്, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ബന്ധപ്പെട്ട ടിവി/റേഡിയോ/കേബിൾ/എഫ്എം ചാനലുകൾ/ഇന്റർനെറ്റ് വെബ്‌സൈറ്റുകൾ/സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികൾ (എക്‌സിറ്റ് പോളുകൾ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ജില്ലാ/തദ്ദേശ അധികാരികളെ സമീപിക്കാം. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ, കേബിൾ നെറ്റ്‌വർക്ക് (റെഗുലേഷൻ) നിയമപ്രകാരം മര്യാദ, സാമുദായിക ഐക്യം നിലനിർത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആക്ട്, 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പാലിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം. അപകീർത്തിപരമായ പ്രചാരണങ്ങൾ പാടില്ല.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ Al Generated/ 'Digitally Enhanced'/ 'Synthetic Content വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളിക്കേണ്ടതാണ്. വീഡിയോയിൽ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുണ്ട്. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കേണ്ടതാണ്.

സ്വതന്ത്രവും, നീതിപൂർവവും, നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സഹകരിക്കണം. മറ്റ് പൊതുതിരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) യുടെ മാർഗനിർദേശങ്ങൾ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റർനെറ്റ് വെബ്‌സൈറ്റുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000 ലെ ഇൻഫർമേഷൻ ആക്റ്റിലെ വ്യവസ്ഥകളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷൻസ് കമ്മിറ്റിയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സാമൂഹ്യമാധ്യമത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അവ എത്രയും വേഗം നീക്കാം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കും.