'യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍' സംഘടിപ്പിച്ചു

post

ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജില്‍ 'യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍' സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ പ്രതീക്ഷ യുവജനങ്ങളിലാണെന്നും ഇവര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. സമൂഹത്തിന്റെ പള്‍സ് അനുസരിച്ചു യുവജനങ്ങള്‍ പ്രവര്‍ത്തിക്കണം. വോട്ട് ചെയ്യുക മാത്രമല്ല വീട്ടിലുള്ളവരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു.

മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ എന്‍. എസ്. എസ് `വൊളന്റിയര്‍ സെക്രട്ടറി സ്‌നേഹ നായര്‍ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു. യുവജനത വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയ, ജനാധിപത്യമൂല്യങ്ങള്‍, ഉത്തരവാദിത്വമുള്ള പൗരത്വം എന്നിവയെ കുറിച്ചു തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു ക്ലാസെടുത്തു. കൂടാതെ വിവിധ കലാപരിപാടികള്‍, റീല്‍സ് പ്രദര്‍ശനം, ഇന്‍ട്രാക്ടീവ് സെഷനുകള്‍, നാടന്‍ കളികള്‍, ക്വിസ് മത്സരം, ഹരിത തിരഞ്ഞെടുപ്പ് സിഗ്നേച്ചര്‍ കാമ്പയിന്‍ തുടങ്ങിയ പരിപാടികളും നടന്നു. യുവജനങ്ങള്‍ ഉത്തരവാദിത്വത്തോടെ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.


ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ മില്യണ്‍ കാഴ്ച്ചക്കാര്‍ കണ്ട വീഡിയോ അവതരിപ്പിച്ച കാസറ്റ് എന്ന പേരിലുള്ള മ്യൂസിക്കല്‍ സംഘത്തെ ചടങ്ങില്‍ കളക്ടര്‍ ആദരിച്ചു.


തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ അഷിത ചന്ദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഫിലുമോന്‍ ജോസഫ്, ലീപ് ഇടുക്കി നോഡല്‍ ഓഫീസറും തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ അനീസ് ജി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രവീണ്‍ വാസു, ജില്ലാ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.