ഇടുക്കിയിലെ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ വിലയിരുത്തി ഭക്ഷ്യ കമ്മീഷൻ

ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി ഇടുക്കിയിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി.
ഇടുക്കി ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ സ്‌കീമുകള്‍ നല്ല നിലയിലാണ് നടന്നു വരുന്നതെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ: ജിനു സഖറിയ ഉമ്മന്‍ പറഞ്ഞു. ഇടുക്കി ഐ.സി.ഡി.എസ് പ്രോജകട് പരിധിയിലുള്ള അങ്കണവാടികള്‍, കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിലുള്ള ന്യൂമാന്‍ എല്‍.പി സ്‌കൂള്‍, ഇടുക്കി താലൂക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ സ്റ്റോര്‍ എന്നിവിടങ്ങളിലെത്തി പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യം, ശുചിത്വം എന്നിവ കമ്മീഷന്‍ വിലയിരുത്തി.
അങ്കണവാടികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. അതുപോലെ തന്നെ ഇടുക്കി ന്യൂമാന്‍ എല്‍ പി സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിര്‍വഹണം അഭിനന്ദാര്‍ഹമാണ്.സ്‌കൂളില്‍ പരിപാലിച്ചു വരുന്ന ശാസ്ത്രീയമായി തയ്യാറാക്കിയ പച്ചക്കറിത്തോട്ടം മികച്ച മാതൃകയാണ്.ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന സ്‌കൂള്‍ അധികൃതരും, പ്രഥമാധ്യാപികയായ സിസ്റ്റര്‍ ആന്‍സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വാഴത്തോപ്പ് അങ്കണവാടിയിലെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ റവ കണ്ടെത്തി. ഇത് അടിയന്തിരമായി അവിടെ നിന്ന് മാറ്റാനും ഈ വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പില്‍ നിന്ന് വിശദീകരണം അവശ്യപ്പെടാനും കമ്മീഷന്‍ തീരുമാനിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ 56 കോളനി, പൈനാവ് എന്നീ അങ്കണവാടികളും കമ്മീഷന്‍ സന്ദര്‍ശിച്ചു.
ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു. കെ ബാലന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍,ജില്ലാ നൂണ്‍ മീല്‍ സൂപ്പര്‍ വൈസര്‍ ശ്രീകല, കട്ടപ്പന ഉപജില്ല എ.ഇ.ഒ രാജശേഖരന്‍, നൂണ്‍ മീല്‍ ഓഫീസര്‍ ടിജിന്‍ ടോം എന്നിവര്‍ കമ്മീഷനോടൊപ്പമുണ്ടായിരുന്നു.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ (11) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം നടത്തി. എ.ഡി.എം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എഫ്. സി.ഐ, പൊതു വിതരണം, വനിതാ ശിശു വികസനം,പൊതു വിദ്യാഭ്യാസം, പട്ടിക വര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും, കുടുംബശ്രീ മിഷന്‍, സപ്ലൈകോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയില്‍ ഈ വകുപ്പുകള്‍ വഴി നടപ്പാക്കി വരുന്ന ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണ പുരോഗതി കമ്മീഷന്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.