ഐഎസ്ഒ അംഗീകാരത്തിന്റെ തിളക്കത്തില്‍ ആലക്കോട് കുടുംബശ്രീ സിഡിഎസ് ഓഫീസ്

post

നേട്ടം കരസ്ഥമാക്കുന്ന ഇടുക്കി ജില്ലയിലെ ആദ്യത്തെ സിഡിഎസ്

കുടുംബശ്രീക്ക് നേട്ടമായി ഇടുക്കി ആലക്കോട് സിഡിഎസ് ഓഫീസിന് ഐഎസ്ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കേഷന്‍. ഈ അംഗീകാരം കരസ്ഥമാക്കുന്ന ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഓഫീസാണ് ആലക്കോട്. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സേവനങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം, കൃത്യമായ ഫയല്‍ സംവിധാനം, അയല്‍ക്കൂട്ട വിവരങ്ങള്‍, കാര്യക്ഷമത, ഓഫീസ് ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിഡി എസിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. 

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തില്‍ അക്കൗണ്ടന്റ്, സിഡിഎസ് അംഗങ്ങള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ നടത്തിയ കൂട്ടായ ശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉഷാജോണി പറഞ്ഞു. കിലയുടെ ഐഎസ്ഒ കണ്‍സള്‍ട്ടന്റ് ദീപ്തി ചന്ദ്രന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ നല്‍കുന്ന സഹകരണം അഭിനന്ദനാര്‍ഹമാണെന്നും ഈ നേട്ടത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളെയും പ്രസിഡന്റ് ജാന്‍സി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി രമ്യ സൈമണ്‍ എന്നിവര്‍ അഭിനന്ദിച്ചു