പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പുതിയ ബാന്റ് ട്രൂപ്പ് ആരംഭിച്ചു

post

പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പുതിയ ബാന്റ് ട്രൂപ്പ് ആരംഭിച്ചു. അരങ്ങേറ്റവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസരംഗത്ത് ഒത്തിരിയേറെ മാറ്റം കൊണ്ടുവന്ന സ്‌കൂളാണ് പഴയരിക്കണ്ടം സ്‌കൂള്‍. ദീര്‍ഘകാലത്തെ സ്വപ്നസാക്ഷാത്കാരമാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിറവേറിയതെന്നും ഈ കൂട്ടായ്മയിലൂടെ കലാകായിക മേഖലയിലും നിരവധി നേട്ടങ്ങള്‍ സ്‌കൂളിന് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി 9 ലക്ഷം രൂപ അനുവദിച്ച് പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജനും പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് 12 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടിവെള്ള ടാങ്കിന്റെയും ഐ.ടി ലാബിന്റെയും ഉദ്ഘാടനവും നടത്തി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജയന്‍ അധ്യക്ഷത വഹിച്ചു.

നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ആരംഭിച്ച ബാന്റ് മേളം ട്രൂപ്പാണ് പരിശീലനം പൂര്‍ത്തിയാക്കി അരങ്ങേറിയത്. വിദ്യാര്‍ഥികളെ ലഹരി മൊബൈല്‍ ഫോണ്‍ ആസക്തികളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ചെണ്ടമേളം, മ്യൂസിക്, ഡ്രോയിംഗ്, നൃത്തം, യോഗ, കരാട്ടെ, ക്രാഫ്റ്റ്, സൂംബാ ഡാന്‍സ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയും പിന്തുണയോടെയും പിടിഎ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ കലാ-കായിക പരിശീലന പദ്ധതികളുടെ ഭാഗമായാണ് ബാന്റ് മേള പരിശീലനവും നടപ്പിലാക്കിയത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷ മോഹനന്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ഗീത പി.സി, സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.