അന്താരാഷ്ട്ര യുവജന ദിനാചരണം: റെഡ് റണ്‍ മാരത്തോണ്‍ മത്സരം നടത്തി

post

ഇടുക്കി ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ദേശീയ ആരോഗ്യ ദൗത്യം, എന്‍എസ്എസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് റെഡ് റണ്‍ മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍വഹിച്ചു. എച്ച്‌ഐവി,എയ്ഡ്‌സ് എന്നിവയെ സംബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോണ്‍ നടത്തിയത്.

കുയിലിമല കളക്ടറേറ്റ് ജംഗ്ഷന്‍ മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മാരത്തോണ്‍. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

പുരുഷ വിഭാഗം മാരത്തണ്‍ മത്സരത്തില്‍ ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ജയേഷ് ജോസഫ്, കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിന്നുള്ള ജിന്റോ മാത്യു ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മുഹമ്മദ് സാദിഖ് പി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലാ കോളേജില്‍ പഠിക്കുന്ന ഇടുക്കി സ്വദേശിനിയായ ആന്‍മരിയ ജോണ്‍ അല്‍ഫോന്‍സ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ എംബിബിസ് വിദ്യാര്‍ഥി ഫാത്തിമ പി.കെ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മരിയ ക്രിസ്റ്റി തോമസ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. സതീഷ് കെ.എന്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ആശിഷ് മോഹന്‍ കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ 

ഡോ. ശരത് ജി റാവു, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ജില്ലാ മലേറിയ ഓഫീസര്‍ രാജേഷ് വി.എസ്, കേരള എന്‍ എസ് എസ് ജില്ലാ കോ ഓഡിനേറ്റര്‍ ജിബിന്‍ ജോസഫ്, ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലാഭായി വി.ആര്‍, എച്ച് ഐ വി കോ ഓഡിനേറ്റര്‍ ബിന്ദു, ടി ബി യൂണിറ്റ് ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കോളേജുകളില്‍ നിന്നുമെത്തിയ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.