കോളനികളില്‍ സംതൃപ്തിയുടെ ദിനങ്ങള്‍

post

വയനാട് : സര്‍ക്കാരിന്റെ കരുതലിനോട് നന്ദി പറയുകയാണ് കല്‍പ്പറ്റ ഓടമ്പം കോളനിയിലെ സത്യഭാമയും കുടുംബവും. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പണിക്ക് പോകാന്‍ കഴിയാതെ ഉപജീവന മാര്‍ഗം വഴിമുട്ടിയിരിക്കുന്ന സത്യഭാമയ്ക്കും കുടുംബത്തിനും താങ്ങാവുകയാണ് സര്‍ക്കാരിന്റെ സൗജന്യ റേഷനും കിറ്റും.കൂലി പണിക്കു പോയിട്ടാണ് നാലുമക്കളും പ്രായമായ അച്ഛനും കഴിഞ്ഞു പോകുന്നത്. ഈ സാഹചര്യത്തില്‍ ലഭ്യമായ സര്‍ക്കാര്‍ സഹായം ആശ്വാസമാവുകയാണെന്നു സത്യഭാമ പറഞ്ഞു. കോളനിയിലെ താമസക്കാരായ കമല, ശോഭാ, വാസു എന്നിവര്‍ക്കും ആവര്‍ത്തിക്കാനുള്ളത് ഇതെ വാക്കുകള്‍ തന്നെ.

കോവിഡ് ജാഗ്രതയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതില്‍ പ്രശംസനീയമായ നടപടികളാണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ജില്ലയിലെ മൂവായിരം കോളനികള്‍ കേന്ദീകരിച്ച് 47,000 ഗോത്ര വര്‍ഗ വിഭാഗങ്ങിലേക്ക് ഭക്ഷണ ലഭ്യത, മരുന്നുകള്‍, വൈദ്യ സഹായം തുടങ്ങിയവ ലഭ്യമാക്കാന്‍ നിരന്തരം ഇടപെടലാണ് ട്രൈബല്‍ വകുപ്പ് നടത്തുന്നത്.

360 ട്രൈബല്‍ പ്രമോട്ടര്‍മാര്‍ കോളനികളില്‍ നിത്യസന്ദര്‍ശനം നടത്തുന്നു. കോളനിവാസികളുടെ ആശങ്കകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന് കളേ്രക്ടറ്റില്‍ ഇരുപത്തിനാലു  മണിക്കൂറും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ സുരക്ഷയെ കുറിച്ച് വീട് വീടാന്തരം ബോധവല്‍ക്കരണം നടത്തുന്നതിനും  കോളനികളില്‍ സോഷ്യല്‍ വര്‍ക്കേഴ്സ്  ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.