വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി

post

ഭരണ-സാങ്കേതിക അനുമതി കിട്ടായാലുടൻ നിർമാണപ്രവർത്തനം നിർബന്ധം

വികസനപ്രവർത്തനത്തിൽ കാലതാമസം അനുവദിക്കില്ല-മന്ത്രി കെ.എൻ. ബാലഗോപാൽ

വികസനപദ്ധതികളുടെ പൂർത്തീകരണത്തിൽ കാലതാമസംനേരിടുന്ന സാഹചര്യം ഉണ്ടാകാൻപാടില്ലെന്ന് ജില്ലയുടെ ചുമതലകൂടിയുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് നിർദേശം നൽകിയത്.

നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിർബന്ധമായും ഏകോപനം ഉറപ്പാക്കണം. പദ്ധതിനിർവഹണത്തിനായി വിവധ വകുപ്പുകൾ ഒരേസമയം പ്രവർത്തിച്ചാൽ സമയനഷ്ടം ഒഴിവാക്കാം. സമയക്ലിപ്തതയോടെ പൂർത്തീകരിക്കുകയാണ് പ്രധാനം. ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയാലുടൻ പ്രവർത്തികൾ തുടങ്ങുന്നരീതി ഉറപ്പാക്കണം. വൈകിപ്പിക്കുന്നരീതി പിന്തുടരാൻ അനുവദിക്കില്ല. ഉദ്യോഗസ്ഥതല അലംഭാവം ഉണ്ടാകരുത്.

മുഖ്യമന്ത്രിയുടെ പാതവികസന ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ പൂർത്തീകരണം ഉടനുണ്ടാകണം. കിഫ്ബി ഫണ്ട് വഴിയുള്ളവയ്ക്കും സമാനരീതി പിന്തുടരണം. ജിയോളജി വകുപ്പ് മണ്ണ്‌ലഭ്യമാക്കുന്നതിനുള്ള അനുമതി നൽകുന്നതിന് കാലതാമസം വരുത്തരുത്. പ്രധാനപദ്ധതികളുടെ പുരോഗതിക്ക് തടസമാകുംവിധം നടപടികൾ ദീർഘിപ്പിക്കുകയുമരുത്. വ്യക്തികളുടെ ആവശ്യങ്ങളും വേഗത്തിൽ തീർപാക്കണം. പരാതികളുടെകൂടി അടിസ്ഥാനത്തിലാണ് കർശനനിർദേശം.

278 ഗ്രാമീണറോഡുകളുടെ നിർമാണം നടക്കുന്നു. അധികതുക നൽകേണ്ടത് പരിശോധിക്കും. കെ.എസ്.ഇ.ബി യുടെ ചുമതലയിലുള്ള ആശുപത്രികളുടെ നിർമാണ പ്രവൃത്തികൾക്ക് പ്രാമുഖ്യം നൽകണം. വിവിധപ്രദേശങ്ങളിലെ തോടുകളുടെനവീകരണം 12.40 കോടിരൂപ നൽകിയാണ് നിർവഹിക്കുന്നത്. ശാസ്താംകോട്ടകായൽ സംരക്ഷണവേലികൾ നിർമിക്കുകയാണ്. കടലോരസംരക്ഷണത്തിനും പദ്ധതികളുണ്ട്. വിനോദസഞ്ചാരമേഖലയിൽ 59 കോടിരൂപയുടെ വികസനം നടത്തുകയാണ്. അഷ്ടമുടി, മീൻപിടിപാറ, തെൻമല പദ്ധതിനിർവഹണത്തിന്റെ ഭാഗമായി മാസ്റ്റർപ്‌ളാൻ തയ്യാറാക്കുന്നു. വിവിധ പാർക്കുകളുടെ നിർമാണവും ഉൾപ്പെടും. സർക്കാർ അതിഥിമന്ദിരനവീകരണവും തുടരുന്നു. തിരുമുല്ലവാരം, കൊല്ലം ബീച്ചുകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ്.

പൊതുമരാമത്ത് (ദേശീയപാത) വിഭാഗത്തിന്റെ ചുമതലയിൽ കൊല്ലം - തേനി പാതയുടെ പ്രാരംഭനടപടികളായി; 24 മീറ്ററിൽ നാലുവരി പാത, നടപ്പാത സഹിതം ഉണ്ടാകും. അലൈൻമന്റ് അംഗീകരിച്ചു. കടവൂർ ബൈപാസിൽ നിന്നാകും തുടക്കം. സർവെ നടപടികൾ പുരോഗതിയിലാണ്. കോടതി സമുച്ചയം നിർമാണവും വേഗത്തിലാക്കി. കൊട്ടാരക്കര റസ്റ്റ് ഹൗസും യാഥാർഥ്യമാക്കും.

കുന്നത്തൂർ സിവിൽസ്റ്റേഷനിലെ രണ്ടുനിലകൾ ഉടൻ പൂർത്തിയാക്കണം. ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കൽകോടതി, കെപ്‌കോ ഫാമും സമയബന്ധിതമായി പൂർത്തിയാക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 110 പ്രവർത്തികളാണുള്ളത്. 89 എണ്ണം പുരോഗതിയിൽ, ശേഷിക്കുന്നവ പിന്നാലെതുടങ്ങും. റോഡുകൾ പൂർത്തിയാക്കുമ്പോൾ വെള്ളംഒഴുകുന്നതിന് സംവിധാനം ഉറപ്പാക്കണം. പത്തനാപുരം, മുണ്ടയ്ക്കൽ കൊണ്ടേത്ത്, നെടുമൺകാവ് പാലങ്ങൾ പൂർത്തിയാകുന്നു. ഇതര മേഖലകളിലും പാലങ്ങൾനിർമിക്കാൻ നടപടി സ്വീകരിക്കും.

കെ.ആർ.എഫ്.ബി യുടെ 11 പ്രവൃത്തികളും പുരോഗതിയിൽ; നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാകും. 42 കോടി രൂപയുടെ പെരുമൺ പാലവും വേഗത്തിൽ നിർമിക്കുകയാണ്. കാട്ടിൽകടവ്, കൊന്നയിൽകടവ് പാലങ്ങളും വരും. കണ്ണനല്ലൂർ ജംക്ഷൻ 50 കോടി രൂപ ചെലവിൽ വികസിപ്പിക്കും.

കൊല്ലം തുറമുഖത്ത് 49.64 കോടിയുടെ പ്രവൃത്തികൾ; കോവിൽത്തോട്ടം പാലം, ഇതര പ്രവർത്തികളും. തീരദേശ റോഡുകൾ മെച്ചപ്പെടുത്താനും നിർദേശം നൽകി. ഗ്രാമീണമേഖലയിൽ 80 ശതമാനത്തോളം കുടിവെള്ളപദ്ധതികൾ നടപ്പിലാക്കി. ജൽജീവൻ മിഷന്റെ പ്രവൃത്തികൾ വേഗത്തിലാണ്. ഞാങ്കടവ് പദ്ധതിയും ത്വരിതപ്പെടുത്തി. 1200 കോടിരൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നു. കോർപറേഷൻമേഖലയിൽ ഗ്രാമീണറോഡുകൾ നിർമാണ പുരോഗതിയിലാണ്. കൊല്ലം പോർട്ടിന്റെ ആഴം കൂട്ടൽ 8.80 കോടിരൂപ ചിലവിൽ നടത്തുന്നു.

ജില്ലാ ആശുപത്രിവികസനനിർമാണപ്രവൃത്തി കെ.എസ്.ഇ.ബി പ്രത്യേക പരിഗണനയോടെ പൂർത്തിയാക്കണം. അതിദരിദ്രർക്ക് വീടുകൾ നൽകുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്താൻ പഞ്ചായത്ത് വകുപ്പ് നടപടി സ്വീകരിക്കണം.

15 മാർക്കറ്റുകൾ നിർമാണ പുരോഗതിയിലാണ്. അഷ്ടമുടി കായൽ ശുചീകരണവും നടത്തുന്നു; സംരക്ഷണത്തിന് സംയോജിതപ്രവർത്തനവും ഏകോപനവും അനിവാര്യം. മാലിന്യനിക്ഷേപസ്വഭാവത്തിൽ നിന്ന് എല്ലാവരും പിൻമാറണം എന്നും മന്ത്രി ഓർമിപ്പിച്ചു.

മന്ത്രിയുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് നിർദേശം നൽകി. എ. ഡി. എം. ജി. നിർമൽ കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.