സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ വഴിയോര കച്ചവടം നിർത്തിവയ്ക്കാൻ ഉത്തരവ്

കൊല്ലം എ എ റഹീം മെമ്മോറിയൽ ജില്ലാ ആശുപത്രിയുടെ ഓക്സിജൻ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എൽ.പി.ജി സിലിണ്ടർ/ഗ്യാസ് അടുപ്പുകൾ, മണ്ണെണ്ണ അടുപ്പുകൾ, വിറകടുപ്പുകൾ ഉപയോഗിച്ച് കച്ചവടം നടത്തുന്ന എല്ലാ വഴിയോര കടകളുടെയും പ്രവർത്തനം ഉടൻ നിർത്തിവയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ലാകലക്ടർ എൻ. ദേവിദാസ് ഉത്തരവിട്ടു. ഇത്തരത്തിൽ പ്രവർത്തനം നിർത്തുന്ന വഴിയോര കച്ചവടക്കാർക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ആശുപത്രിയുടെ പ്രധാന ഗേറ്റിനോട് ചേർന്ന് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിന് സമീപമായാണ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് 24 മണിക്കൂറും തട്ടുകടകൾ പ്രവൃത്തിക്കുന്നത്. കൊല്ലം സബ് കലക്ടർ നടത്തിയ സ്ഥലപരിശോധനയെ തുടർന്ന് വഴിയോര കടകൾ പ്ലാന്റിന് ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഫയർ ഓഫീസറും കോർപ്പറേഷൻ സെക്രട്ടറിയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടറും സുരക്ഷ ഭീഷണിയുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അപകട സാധ്യത ഒഴിവാക്കുന്നതിനാണ് ദുരന്തനിവാരണനിയമം 2005 സെക്ഷൻ 26(2), 30, 33, 34, 73 വകുപ്പുകൾ പ്രകാരം ജില്ലാകലക്ടർ ഉത്തരവിട്ടത്.