സ്‌കൂളുകളിൽ പോഷകത്തോട്ടം പദ്ധതിക്ക് തുടക്കം

post

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹരിതശ്രീ' സ്‌കൂളുകളിൽ പോഷകത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൈലം ഡി.ഡബ്ലിയു. എച്ച്.എസ്.എസ് സ്‌കൂളിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്തെ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണ-വിപണന മേഖലയിൽ പുതുസംരംഭങ്ങൾ ഉയരുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങളിലൂടെ നാട്ടിലെ സാധാരണ ജനങ്ങൾക്കും തൊഴിൽ ലഭ്യമാവുകയാണ്. ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് കാർഷിക മേഖലയെ വിപുലീകരിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി 33 സ്‌കൂളുകൾക്ക് പച്ചക്കറി തൈകൾ നൽകി. പ്രദേശത്തെ മണ്ണിന്റെ വളകൂറ് കാര്യക്ഷമമായി വിനിയോഗിച്ച് കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കണം. ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട് എന്നീ ഫലവൃക്ഷത്തൈകൾക്ക് വിപണിയിൽ സ്വീകാര്യതയേറുന്നുവെന്നും അത്തരം ഫലവൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്തുകൾ വിതരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് എസ്. രഞ്ജിത്ത് അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് എ.ഡി.എ വി.എസ് സരിത പദ്ധതി വിശദീകരിച്ചു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ ചെല്ലപ്പൻ, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എ.അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വർഗീസ്, എൻ.മോഹനൻ, കെ.എം. റെജി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബിജു ജോർജ്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.