കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജലബജറ്റ് പുറത്തിറക്കി

കണ്ണൂർ കല്യാശ്ശേരി ബ്ലോക്ക് പരിധിയില്‍ വരുന്ന പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കിയ 2024-25 വര്‍ഷത്തെ ജലബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല അധ്യക്ഷയായി. ഹരിത കേരളം മിഷന്റേയും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുളളിലെ എട്ടു പഞ്ചായത്തുകളിലെ ജലബജറ്റ് ക്രോഡീകരിച്ചു കൊണ്ടാണ് ബ്ലോക്ക്തല ജലബജറ്റ് തയ്യാറാക്കിയിട്ടുളളത്. കിണര്‍ റീച്ചാര്‍ജിംഗ്, വെള്ളം ശുദ്ധികരിക്കുന്നതിന് ബ്ലോക്ക് പിറ്റുകള്‍, കിണറുകളില്‍ ഇ കോളി-കോളിഫെറാ ബാക്ടീരിയ സാന്നിധ്യം തടയാന്‍ സെപ്റ്റിക്ക് ടാങ്കുകള്‍, വി.സി.ബി ക്ക് ഷട്ടറുകള്‍ ഉള്‍പ്പെടെയുള്ള ജല സുരക്ഷ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണന്, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രതി, ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, ഹരിത മിഷന് ആര്‍പി ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ ജി എ അമൃത എന്നിവര്‍ സംസാരിച്ചു.