എല്ലാ സ്ഥലത്തും ഇന്ന് എ.എ.വൈ. കിറ്റുകള്‍ എത്തിക്കും

post

ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ സ്ഥലത്തും ഇന്ന് (11-04-2020) അന്ത്യോദയ അന്നയോജന കിറ്റുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പട്ടികവര്‍ഗവിഭാഗക്കാര്‍ക്കുള്ള കിറ്റുകള്‍ എത്തിച്ച് വിതരണം നടത്തിക്കഴിഞ്ഞു. പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റനറി ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ഭക്ഷ്യ ധാന്യകിറ്റ് പാക്കിങ് കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗവിഭാഗക്കാര്‍ ഒഴികെയുള്ളവരുടെ എ.എ.വൈ. കിറ്റുകളുടെ വിതരണമാണ് ഇന്ന് നടക്കുക. കിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയിലുള്ള ആളുകള്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകള്‍ തയ്യാറാക്കി വരികയാണ്. ഈ മാസം കൊണ്ട് എല്ലാ കിറ്റുകളുടേയും വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരമുള്ള കിറ്റുകളുടെ വിതരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കിറ്റുകളുടെ പാക്കിങ്ങില്‍ മന്ത്രി സംതൃപ്തി അറിയിച്ചു. ഉഴുന്ന്, ചെറുപയര്‍, മറ്റ് ധാന്യങ്ങള്‍, പഞ്ചസാര എന്നിവയാണ് ഇവിടെ നിന്നും പാക്ക് ചെയ്യുന്നത്. മുല്ലക്കല്‍, കൈച്ചുണ്ടി, ജില്ലാ കോടതി എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കാവശ്യമായ സാധനങ്ങളാണ് ഇവിടെ നിന്നും പാക്ക് ചെയ്യുന്നത്. ഏകദേശം 25 ഓളം പേരടങ്ങിയ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശാരീരിക അകലം പാലിച്ചും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് പാക്കിംഗ് നടത്തുന്നത്. ആലപ്പുഴ ഡിപ്പോ മാനേജര്‍ കല എല്‍., സലീം, സിനിജ, പ്രീത എന്നിവര്‍ സന്നിഹിതരായിരുന്നു.