ആയിത്തറ മമ്പറം എച്ച്.എസ്.എസിൽ സ്കൂഫെ പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്കൂഫെ പദ്ധതിക്ക് ആയിത്തറ മമ്പറം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷ അഡ്വ. ടി സരള ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് സ്കൂൾ വളപ്പിനുള്ളിൽ ശുദ്ധവും ഗുണനിലവാരവുമുള്ള ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂഫെ. ജില്ലയിൽ ഇതിനോടകം 52 സ്കൂഫെകൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപ ജില്ലാപഞ്ചായത്ത് ധനസഹായം അനുവദിക്കുന്നുണ്ട്.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് അംഗം ഒ.ഗംഗാധരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം പ്രീത, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുധീർകുമാർ, കെ.എൻ ഗോപിനാഥൻ മാസ്റ്റർ, സിഡിഎസ് ചെയർപേഴ്സൺ എൻ.വി ശ്രീജ, ബ്ലോക്ക് കോ-ഓർഡിനേറ്റർ രസ്യ തുടങ്ങിയവർ സംസാരിച്ചു.