കുടിവെള്ള സ്രോതസ്സുകൾ ഒരുക്കി ന്യൂമാഹി പഞ്ചായത്ത്

post

കരിക്കുന്ന് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ

കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സ്രോതസ്സുകൾ ഒരുക്കി മാതൃകയായി ന്യൂമാഹി പഞ്ചായത്ത്. പഞ്ചായത്തിലെ കരിക്കുന്ന് വാർഡിലെ കുടിവെള്ള നവീകരണ പദ്ധതിയുടെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. നവീകരണ പദ്ധതി ജൂലൈ പകുതിയോടെ നാടിന് സമർപ്പിക്കും. ഇതോടെ 134 കുടുംബങ്ങളും അഞ്ഞൂറോളം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജലസംഭരണിയുടെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതമായ 18 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്കായി 10.5 ലക്ഷം രൂപ നൽകി. ബാക്കി തുക ന്യൂമാഹി ഗ്രാമപഞ്ചായത്താണ് വഹിക്കുന്നത്. ഓരോ ഗുണഭോക്താവും പ്രതിമാസം 100 രൂപ കമ്മിറ്റിക്ക് വെള്ളക്കരമായി അടക്കുന്നുണ്ട്. പമ്പ് ഹൗസിലെ വൈദ്യുതി ബിൽ, പമ്പ് ഓപ്പറേറ്ററുടെ ശമ്പളം, അറ്റകുറ്റപ്പണി എന്നിവയെല്ലാം നിർവഹിക്കുന്നത് വെള്ളക്കരത്തിൽ നിന്നാണ്.

ഗുണഭോക്താക്കൾ വർധിച്ചതോടെ നിലവിലുള്ള ജലസംഭരണിയിൽ നിന്നുള്ള വെള്ളം മതിയാവാതെ വരുന്നതിനാലാണ് പദ്ധതി വിപുലപ്പെടുത്തിയത്. 25,000 ലിറ്റർ സംഭരണ ശേഷിയുള്ളതാണ് പുതിയ ജലസംഭരണി. പഴയ ഒരു മോട്ടോർ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനുള്ള 2.40 ലക്ഷം രൂപയുടെ ഫണ്ട് ന്യൂമാഹി ഗ്രാമപഞ്ചായത്താണ് നൽകിയത്. പുതിയ ജലസംഭരണിയിലേക്ക് ഏതാണ്ട് നൂറുമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നാലുലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് നൽകി. ഇതിന്റെ പ്രവൃത്തി അടുത്തദിവസം തുടങ്ങും. കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പിനായി ജനകീയ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.


ഗ്രാമപഞ്ചായത്ത് അംഗം ടി.എ ഷർമിരാജ് പ്രസിഡന്റായും വി. സ്വരൂപ് സെക്രട്ടറിയായും എം. നസീർ ഖജാൻജിയായുമുള്ള കമ്മിറ്റിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് മൂന്നാം വാർഡിലെ കുറ്റിക്കുന്ന് കുടിവെള്ള പദ്ധതിയും പൂർത്തിയായിട്ടുണ്ട്. പമ്പ് ഹൗസിൽ വൈദ്യുതി ലഭിക്കുന്നതോടെ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് 11 വാർഡ് ചവോക്കുന്നിൽ 35 ലധികം ഗുണഭോക്താക്കളുള്ള ചവോക്കുന്ന് കുടിവെള്ളപദ്ധതിയും ഒമ്പതാം വാർഡിൽ 20 ഗുണഭോക്താക്കളുള്ള മുക്കിച്ചാങ്കണ്ടി കുടിവെള്ള പദ്ധതിയും നിലവിലുണ്ട്.