ഓപ്പറേഷന്‍ സാഗര്‍ റാണി: പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

post

ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ (10.04.2020) ജില്ലയിലെ 15 ഓളം സ്ഥലത്ത് പരിശോധനകള്‍ നടത്തി. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭക്ഷ്യ സുരക്ഷാ സര്‍ക്കിളുകളിലെ അരൂര്‍ മത്സ്യമാര്‍ക്കറ്റ്, ചന്തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, തുറവൂര്‍ പുത്തന്‍ചന്ത മത്സ്യസ്റ്റാളുകള്‍, പൊന്നാംവെളി, കലവൂര്‍, സര്‍വോദയപുരം മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു പരിശോധന.

പഴകിയ മീന്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. സര്‍വോദയപുരം (കലവൂര്‍ പടിഞ്ഞാറ്) മാര്‍ക്കറ്റിലെ മത്സ്യസ്റ്റാളില്‍ നിന്നും 10കിലോ ചൂര മീന്‍ നശിപ്പിച്ചു. പഴക്കം ചെന്ന നിലയിലായ മത്സ്യത്തില്‍ സ്ട്രിപ്പ് ടെസ്റ്റില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണിത്. ലോക്ക് ഡൗണ്‍ കാലത്ത് മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കിയത്. അരൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ രാഹുല്‍ രാജ് വി.,ചേര്‍ത്തല സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സുബിമോള്‍ വൈ.ജെ, ഫിഷറീസ് ഇന്‍സ്പെക്ടര്‍ സൂര്യ പി.എസ്, പ്രിന്‍സ് ജി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.