റാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്

ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎൽഎ അഡ്വ. പ്രമോദ് നാരായൺ. പാർപ്പിടം ഇല്ലാത്തവർക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴിൽ അന്വേഷകർ ഉൾപ്പടെ എല്ലാവരെയും പ്രതിസന്ധികളിൽ ചേർത്തു നിർത്തിയ സർക്കാരാണ് ഭരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. റാന്നി താലൂക്കാശുപത്രി നിർമാണം ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്ത്രീ സൗഹൃദമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കും . നോളേഡ്ജ് വില്ലേജിന്റെ ഭാഗമായി സൗജന്യ പിഎസ്സി പരിശീലനം, കുടുംബശ്രീയുമായി ചേർന്ന് സ്കിൽ ഡെവലപ്പ്മെന്റ് എന്നിവ ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ ആർ പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അജിമോൻ പുതുശ്ശേരിമല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത സുരേഷ്, അംഗങ്ങളായ സന്ധ്യാ ദേവി, സിന്ധു സഞ്ചയൻ, എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.