മഹാമാരിക്കെതിരെ സന്ധിയില്ലാ പോരാട്ടവുമായി ആരോഗ്യകേരളം

post

വയനാട് : അവധിയില്ലാതെ 32 ഡോക്ടര്‍മാര്‍, മുഴുവന്‍ സമയ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ട 100 സ്റ്റാഫ് നഴ്സുമാര്‍, അതാതു ദിവസത്തെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് പൊതുജനങ്ങളിലെത്തിക്കാന്‍ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം ജീവനക്കാര്‍, വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയവരെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരം തിരക്കുന്ന ആര്‍.ബി.എസ്.കെ നഴ്സുമാര്‍, മാനസികാരോഗ്യ പരിചരണത്തില്‍ മുഴുകുന്ന കൗണ്‍സലര്‍മാര്‍, സിവില്‍ സ്റ്റേഷനിലെ പനി ക്ലിനിക്-കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, അതിര്‍ത്തി ചെക്പോസ്റ്റുകളിലെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം... കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ കേരളത്തിലെ ആരോഗ്യവകുപ്പിനൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ആരോഗ്യകേരളം ജീവനക്കാര്‍. സ്വാഭാവിക ജോലികളില്‍ നിന്നു മാറി മുഴുവന്‍സമയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആരോഗ്യകേരളം വയനാടിന് കീഴിലെ 397 ജീവനക്കാര്‍. അധിക ജീവനക്കാരെ നിയമിക്കാന്‍ എച്ച്.ആര്‍ വിഭാഗവും വേതനം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ അക്കൗണ്ട്സ് വിഭാഗവും ലോക്ഡൗണ്‍ ദിവസങ്ങളില്‍ സജീവമാണ്.

       രണ്ടു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും മൂന്നുവീതം ഡെന്റല്‍ സര്‍ജന്മാരും ആയുര്‍വേദ ഡോക്ടര്‍മാരും ഒരു യുനാനി ഡോക്ടറും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 33 ലാബ് ടെക്നീഷ്യന്മാരും 50 ആര്‍.ബി.എസ്.കെ നഴ്സുമാരും ആരോഗ്യകേരളം വയനാടിന് കീഴിലുണ്ട്. അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകളാണ് ജില്ലയില്‍. ഓരോ ഹെല്‍ത്ത് ബ്ലോക്കിന്റെയും ചുമതല അതാതു ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാര്‍ക്കാണ്. ജില്ലയിലെ ഡെലിവറി പോയിന്റുകളായ മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഏകോപന ചുമതല ഓഫിസ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ക്കാണ്. റേഡിയോഗ്രാഫര്‍-9, ഫാര്‍മസിസ്റ്റ്-16, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്-9, ജന്റര്‍ ബേസ്ഡ് വയലന്‍സ് മാനേജ്മെന്റ് കോ-ഓഡിനേറ്റര്‍-1 (സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി), ആര്‍.കെ.എസ്.കെ കൗണ്‍സലര്‍-4, മുണ്ടേരി അര്‍ബന്‍ പി.എച്ച്.സി-3, ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആന്റ് എം.ഐ.യു-9, ഐ.ഡി.എസ്.പി-3, ആര്‍.സി.എച്ച് ആന്റ് റേഡിയേഷന്‍ ഫിസിസിസ്റ്റ്-4, ആര്‍.എന്‍.ടി.സി.പി-8, എന്‍.പി.പി.സി.ഡി-3, പെയിന്‍ ആന്റ് പാലിയേറ്റീവ്-20, എന്‍.പി.സി.ബി-6, എന്‍.ആര്‍.സി-12, എന്‍.സി.ഡി ആന്റ് ഫിസിയോതെറാപിസ്റ്റ്-11 എന്നിങ്ങനെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യകേരളം ജീവനക്കാരുടെ എണ്ണം. കോവിഡ് പശ്ചാത്തലത്തില്‍ 13 മെഡിക്കല്‍ ഓഫിസര്‍മാരെ പുതുതായി നിയമിച്ചിട്ടുണ്ട്. സ്റ്റാഫ് നഴ്സ്-10, ഫാര്‍മസിസ്റ്റ്-16, ലാബ് ടെക്നീഷ്യന്‍-9 എന്നിങ്ങനെയാണ് കോവിഡ് പ്രതിരോധത്തിന് അധികമായി നിയമിച്ച ജീവനക്കാരുടെ എണ്ണം. ഇതിനെല്ലാം പുറമെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷിന്റെ നേതൃത്വത്തില്‍ 20 ജീവനക്കാര്‍ കൈനാട്ടിയിലെ ജില്ലാ ഓഫിസില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നു. ഫീല്‍ഡ് തലത്തില്‍ വിവരശേഖരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി 901 ആശമാരും പ്രവര്‍ത്തിക്കുന്നു.