വൈദ്യുതി തടസ്സം; മുന്‍ഗണന 11 കെ വി ലൈനിലെ തകരാറുകള്‍ക്ക്

post

9496010101 നമ്പറില്‍ അപകടം അറിയിക്കാം 

 വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്ന് കെ എസ് ഇ ബി അറിയിച്ചു. തുടര്‍ന്ന് ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. 

വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അതത് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്. ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെ എസ് ഇ ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചോ 9496001912 എന്ന നമ്പരില്‍ വിളിച്ചോ വാട്‌സ്ആപ്പ് സന്ദേശമയച്ചോ രേഖപ്പെടുത്താം. 

ജില്ലയില്‍ തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്.സപ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള അശ്രാന്തപരിശ്രമമാണ് കെ എസ് ഇ ബി നടത്തിവരുന്നത്.