ചമ്പക്കുളം മൂലം ജലോത്സവം: ഒമ്പത് ചുണ്ടന്‍ വള്ളങ്ങൾ പങ്കെടുക്കും

ജൂലൈ ഒമ്പതിന് നടക്കുന്ന ഈ വർഷത്തെ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും 3 വീതം എ ഗ്രേഡ് ഓടി, എ ഗ്രേഡ് വെപ്പ് വള്ളങ്ങളും 3 ബി ഗ്രേഡ് വെപ്പ് വള്ളങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പട്ട് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. കെ.കെ ഷാജു മുഖ്യാതിഥിയായി.
ഈ വര്‍ഷത്തെ വള്ളം കളി നടത്തിപ്പിനുള്ള വിവിധ സബ് കമ്മിറ്റികള്‍ യോഗത്തിൽ രൂപീകരിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണായി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളിയെയും കണ്‍വീനര്‍മാരായി ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരിയെും നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്‍മഥന്‍ നായരെയും തെരഞ്ഞെടുത്തു. റേസ് കമ്മിറ്റി ചെയര്‍മാനായി എം. എസ് ശ്രീകാന്തിനെയും കണ്‍വീനറായി എ.വി മുരളിയെയും സ്പോണ്‍സര്‍ കമ്മിറ്റി ചെയര്‍മാനായി അഗസ്റ്റിന്‍ ജോസിനെയും കണ്‍വീനറായി എന്‍.വി.നാരായണ ദാസിനെയും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായി കെ.ജി.അരുണ്‍കുമാറിനെയും കണ്‍വീനറായി അജിത്ത് പിഷാരത്തിനെയും തെരഞ്ഞെടുത്തു. ഈ മാസം 30 ന് മുമ്പ് സബ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പ്രോപ്പോസലുകൾ സമര്‍പ്പിക്കാനും തീരുമാനിച്ചു. കുട്ടനാട് തഹസില്‍ദാര്‍ പി.ഡി. സുധി, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ഷൈല, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വളളംകളി കമ്മിറ്റി അംഗങ്ങള്‍, ജലോത്സവ പ്രേമികള്‍ എന്നിവര്‍ പങ്കെടുത്തു.