പ്ലാസ്റ്റിക്ക് അരുതേ... സന്ദേശവുമായി മുള്ളേരിയ എ.യു.പി.സ്‌കൂള്‍

post

കാസര്‍ഗോഡ്: കേരള സ്‌കൂള്‍ കലോത്സവത്തിലേക്ക് മുന്നൂറ് തുണി സഞ്ചികള്‍ ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബുവിന് നല്‍കി കലോത്സവ നഗരിയിലെ ഹരിത ചട്ടത്തിനൊപ്പം ചേര്‍ന്ന് മുള്ളേരിയ എ.യു.പിഎസിലെ ഇക്കോ ക്ലബ്ബ് അംഗങ്ങള്‍. പെന്‍ ഫ്രണ്ട് പരിപാടിയിലൂടെ ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച്, അത് വിറ്റു കിട്ടുന്ന തുക തുണി സഞ്ചികള്‍ക്കായി മാറ്റിവെക്കുകയാണ് മുള്ളേരിയ എ യു.പി. എസ് ഇക്കോ ക്ലബ്ബ്, പെന്‍ ഫ്രണ്ട് അംഗങ്ങള്‍. ഇങ്ങനെ പേനവിറ്റ് കിട്ടിയ തുകയുടെ കൂടെ പി.ടി.എ ഫണ്ടും ചേര്‍ത്ത് നിര്‍മ്മിച്ച തുണി സഞ്ചികളാണ് കളക്ടര്‍ക്ക് കൈമാറിയത്. ഉപ ജില്ല, റവന്യൂ ജില്ല മത്സരങ്ങളിലും ഇവര്‍ തുണിസഞ്ചികള്‍ സംഭാവനയായി നല്‍കിയിരുന്നു.

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പ്ലാസ്റ്റിക്ക് ശേഖരണ പരിപാടിയില്‍ സ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും സ്‌കൂള്‍ പരിസരത്ത് നിന്നുമായി ശേഖരിച്ചത് 250 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇതില്‍ നിന്നുണ്ടായ ഉണര്‍വ്വില്‍ നിന്നുമാണ് തുണി സഞ്ചികള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമായത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്കും സ്‌കൂള്‍ ആവശ്യങ്ങള്‍ക്കും തുണിസഞ്ചി ഉപയോഗിച്ച് തുടങ്ങിയെന്ന്  സ്‌കൂള്‍ ഇക്കോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ എം. സാവിത്രി പറഞ്ഞു. ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എ. അശോക് അരളിത്തായ, ഇക്കോ ക്ലബ്ബ് കോ ഓഡിനേറ്റര്‍ എം. സാവിത്രി, പി.ടി.എ പ്രസിഡന്റ് എ.പത്മനാഭന്‍, ഇക്കോ ക്ലബ്ബ് അംഗങ്ങളായ ബി.യദു കൃഷ്ണന്‍, സി.എച്ച് സുഭാഷ് എന്നിവരാണ് കളക്ടറുടെ ചേമ്പറിലെത്തി സഞ്ചികള്‍ കൈമാറിയത്