ആലപ്പുഴ ജില്ലാക്കോടതിപ്പാലം : 36 പൈലുകളുടെ നിർമ്മാണം പൂർത്തിയായി
 
                                                നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ആലപ്പുഴ ജില്ലാ കോടതിപ്പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പാലത്തിന് ആകെ 168 പൈലുകളാണുള്ളത്. ഇതിൽ 36 എണ്ണത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി പൈൽ ക്യാപ് പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാലിന് കുറുകെ 120.52 കോടി രൂപ ചെലവിലാണ് പുനർനിർമ്മാണം. ഇതിൽ സ്ഥലമേറ്റെടുപ്പിനായി 20.58 കോടി രൂപയും, യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 3.17 കോടി രൂപയും, പ്രവൃത്തികൾക്കായി 3.64 കോടി രൂപയും ലഭ്യമായിട്ടുണ്ട്. 
പഴയ ജില്ലാ കോടതിപ്പാലം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട് എബൗട്ട് മാതൃകയിലാണ് നിർമ്മാണം. കനാലിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്കായി ഫ്ലൈ ഓവറുകളും, അടിപ്പാതയും, റാംപ് റോഡുകളും എന്ന നിലയിലാണ് രൂപകൽപ്പന. കനാലിന് വടക്കേകരയിലാണ് പൈലിങ് ആരംഭിച്ചിട്ടുള്ളത്. പാലത്തിന്റെ ഗർഡറുകളുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കും.
നിലവിലെ പാലം പൊളിച്ചതിനാൽ വാഹനഗതാഗതത്തിന് പഴയ പൊലീസ് കൺട്രോൾ റൂമിന് കിഴക്ക് വശത്തായി താൽക്കാലിക സമാന്തര റോഡ് ഒരുക്കിയിട്ടുണ്ട്. ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിനായി ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയും ഓഫീസും പൊളിച്ചു നീക്കിയിരുന്നു. നിലവിൽ മാതാ ജെട്ടിയിലാണ് താൽകാലിക ബോട്ട് ജെട്ടിയും ഓഫീസും പ്രവർത്തിക്കുന്നത്.










