മാതൃക ടൗൺഷിപ്പ് യാഥാർഥ്യമാക്കാൻ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി
 
                                                
സർക്കാർ പറഞ്ഞ വാക്ക് യാഥാർഥ്യമാകാൻ പോകുന്നു
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃക ടൗൺഷിപ്പ് പദ്ധതി യാഥാർഥ്യമാകാൻ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
"നേരത്തെ ചില ആശങ്കകൾ ഇതുസംബന്ധിച്ചു ഉയർന്നിരുന്നു. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാൽ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചിരുന്നു. എന്നാൽ ഇന്നലെയോടെ അതും മാറി. സർക്കാർ നേരത്തെ നൽകിയ വാക്ക് യഥാർഥ്യമാകാൻ പോവുകയാണ്. ടൗൺഷിപ്പ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകാൻ പോകുകയാണ്," സംസ്ഥാന സർക്കാരിന്റെ 4ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പരിപാടിയുടെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ വയനാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തങ്ങൾ അതുവരേക്കും ജീവിച്ചപോന്ന വിധത്തിൽ അയൽക്കാരും ബന്ധുക്കളും ഒന്നുചേർന്നുള്ള സാമൂഹ്യജീവിതം പുന:സ്ഥാപിച്ചു തരണം എന്നായിരുന്നു ദുരന്തബാധിതർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
സാധാരണ ഗതിയിൽ ഒരു സർക്കാരും നേരിടേണ്ടി വരാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈ-ചൂരൽമല ദുരന്തം എന്നിവയുണ്ടായി. ഇത്തരം ഘട്ടങ്ങളിൽ ഒരു സംസ്ഥാനത്തിനെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ കേന്ദ്രം അർഹതപ്പെട്ട സഹായം നൽകിയില്ല എന്ന് മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും നമ്മൾ തകർന്നില്ല. നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നമ്മുടെ ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ചു ഒന്നിച്ചു നിന്നു. ഇത് കണ്ടു രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു. ഇത് സാധ്യമായതിന് പിന്നിൽ ഒറ്റ കാരണമേ ഉള്ളൂ; നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തത്തെ തുടർന്നുള്ള വലിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ പ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നാടിന്റെ യുവത ദുരന്തമുഖത്ത് ഓടിയെത്തി അപാരമായ രക്ഷാവൈദഗ്ദ്യം കാട്ടി. എല്ലാ സേനാ വിഭാഗങ്ങളുടെയും സഹായത്തോടെ 630 പേരെ മണ്ണിൽ നിന്നും ജീവനോടെ വീണ്ടെടുക്കാൻ കഴിഞ്ഞു. ഒറ്റപ്പെട്ടുപോയ 1300 പേരെ കണ്ടെത്താനും സാധിച്ചു.
മേപ്പാടി പരൂർക്കുന്നിൽ ഭൂ രഹിതരായ 123 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു. മുട്ടിൽ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.
കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കായിക മന്ത്രി വി അബ്ദുറഹ്മാൻ, സുൽത്താൻ ബത്തേരി നഗരസഭ അധ്യക്ഷൻ ടി കെ രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ എന്നിവർ സംബന്ധിച്ചു.ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.










