മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം: ആലോചനാ യോഗം ചേർന്നു

എന്റെ കേരളം പ്രദർശന വിപണന മേള മെയ് 16 മുതൽ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രിൽ 24 ന് രാവിലെ 10.30 മുതൽ 12.30 വരെ ഇലന്തൂർ പെട്രാസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. കർഷകർ, തൊഴിലാളികൾ, സംരംഭകർ, വിദ്യാർഥികൾ, യുവാക്കൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ക്ഷണിക്കപ്പെട്ട 500 ഓളം പേർ പങ്കെടുക്കും. പൂർണമായും ഹരിതച്ചട്ടം പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.
വാർഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം- പ്രദർശന വിപണനമേള' മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ സംഘടിപ്പിക്കും. സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണം മേളയിലുണ്ടാകും. സർക്കാർ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കുടുംബശ്രീയുടേതുൾപ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സാസ്കാരിക പരിപാടികൾ, സെമിനാറുകൾ, പുസ്തകപ്രദർശന മേള തുടങ്ങിയവ സംഘടിപ്പിക്കും.
എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി സക്കീർ ഹുസൈൻ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പോലിസ് മേധാവി വി ജി വിനോദ് കുമാർ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, വിവര പൊതുജന സമ്പർക്ക വകുപ്പ് മേഖലാ ഡയറക്ടർ കെ പ്രമോദ് കുമാർ, എഡിഎം ബി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.